Ai Generated Image

മധ്യപ്രദേശില്‍ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന മൂന്ന് കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് 9 മാസം പ്രായമുളള കുഞ്ഞടക്കം മൂന്ന് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇഷാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പിപോര ഖുർദ് ഗ്രാമത്തിലാണ് സംഭവം. ബാൽമുകുന്ദ് കുശ്വാഹയുടെ പെൺമക്കളായ 7വയസുകാരി പൂനം, 3വയസുകാരി മനീഷ, 9 മാസം മാത്രം പ്രായമുളള ചാഹത് എന്നിവരാണ് മരിച്ചത്.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, മരിക്കുന്നതിന് തലേദിവസം രാത്രി കുട്ടികൾ വഴുതനങ്ങാക്കറിയും ചപ്പാത്തിയും (ബൈംഗൻ ഭർത്തയും റൊട്ടിയും) കഴിച്ചിരുന്നു. ഭക്ഷണത്തില്‍ എന്തെങ്കിലും കലര്‍ന്നിരുന്നോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുളള വിഷാംശം കുട്ടികളുടെ അകത്ത് ചെന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല. കുട്ടികള്‍ മരിച്ചതിന് പിന്നാലെ പൊലീസിനെ അറിയിക്കാതെ കുടുംബം 3 പേരുടെയും മൃതദേഹം സംസ്കരിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പൊലീസും ഫൊറന്‍സിക് അധികൃതരും സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു. എത്രയും വേഗം കുട്ടികളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് വിധേയമാക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ആവശ്യമായ എല്ലാ വിവരങ്ങളും തങ്ങള്‍ ശേഖരിച്ചുവരികയാണെന്നും മെഡിക്കൽ, ഫോറൻസിക് റിപ്പോർട്ടുകൾ മരണകാരണം കൃത്യമായി കണ്ടെത്താൻ സഹായിക്കുമെന്നും ഛത്തർപൂർ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. ആർ.പി. ഗുപ്ത വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസും അറിയിച്ചു. മരണത്തിനുള്ള യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം കുട്ടികളുടെ മാതാപിതാക്കളെ ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Three children were found dead in Madhya Pradesh after they ate their dinner. Investigations are underway to determine the exact cause of death, with initial suspicions pointing towards food contamination or poisoning.