പ്രതീകാത്മക ചിത്രം

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലാ ആശുപത്രിയില്‍ എന്‍ഐസിയുവിലെ വാമര്‍ മെഷീന് തീപിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം. വാമർ മെഷീന്റെ ഫിലമെന്റിൽനിന്നുണ്ടായ തീപ്പൊരിയാണ് അപകടത്തിന് കാരണമായത്. തീപിടുത്തത്തില്‍ മറ്റ് രണ്ട് കുഞ്ഞുങ്ങള്‍ക്കും പൊളളലേറ്റു. ഇരുവരും ചികില്‍സയിലാണ്. ശനിയാഴ്ചയാണ് ആശുപത്രിയിലെ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റില്‍ തീപിടുത്തമുണ്ടായത്. 

അപകടത്തെ തുടർന്ന് ആശുപത്രി അധികൃതർ മൂന്ന് കുഞ്ഞുങ്ങളെയും വിദഗ്ദ്ധ ചികിത്സയ്ക്കായി ജബൽപൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിലാണ് ഒരു കുഞ്ഞ് മരണപ്പെട്ടത്. അപകടസമയത്ത് 33 നവജാതശിശുക്കളാണ് എന്‍ഐസിയുവില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേരാണ് വാമര്‍ മെഷീനില്‍ കിടന്നിരുന്നത്. പുലർച്ചെ 1:50ഓടെയായിരുന്നു അപകടം. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ ആശുപത്രി ജീവനക്കാർ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയും തീ അണയ്ക്കുകയും ചെയ്തു. പരുക്കേറ്റ കുട്ടികളെ ചിന്ദ്വാര ജില്ലാ മെഡിക്കൽ കോളജ് ഡീൻ, മെഡിക്കൽ സൂപ്രണ്ട് എന്നിവരുൾപ്പെടെയുള്ള വിദഗ്ദ്ധർ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി ജബൽപൂരിലേക്ക് മാറ്റിയത്.

എന്നാല്‍ അപകടസമയത്ത് ചിന്ദ്വാര ആശുപത്രിയിൽ പീഡിയാട്രിക് സർജന്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ പരുക്കേറ്റ കുഞ്ഞുങ്ങളെ ജബൽപൂരിലേക്ക് മാറ്റേണ്ടിവരില്ലായിരുന്നെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇത് പ്രദേശത്തെ പ്രത്യേക ശിശുചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിട്ടുണ്ട്. അതേസമയം അപകടത്തിന് പിന്നാലെ ആശുപത്രി ജീവനക്കാരും സാങ്കേതിക വിദഗ്ദ്ധരും യൂണിറ്റിലെ വാമറുകളും മറ്റ് യന്ത്രങ്ങളും പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. 

ENGLISH SUMMARY:

A newborn baby has died due to a fire in the NICU warmer machine at Chhindwara District Hospital in Madhya Pradesh, sparking concerns about infant care facilities. The fire, caused by a spark from the warmer machine's filament, also injured two other infants who are currently receiving treatment.