പ്രതിപക്ഷനേതാവ് പിണറായി വിജയന് ഒരിക്കല്‍ കൂടി കൈകളുയര്‍ത്തി ശുദ്ധമാണെന്ന് പറയേണ്ടി വരുന്നു. മുമ്പ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിയമസഭയില്‍ വച്ചാണ് ഇതുപോലെ കൈകളുയര്‍ത്തി പിണറായി വിജയന്‍ തന്റെ സംശുദ്ധത വിളിച്ചുപറഞ്ഞത്. അന്നും വിഷയം സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടിലെ അടിയന്ത്രപ്രമേയമായിരുന്നു. ഇന്ന് വീണ്ടും പിണറായിയെക്കൊണ്ട് കൈകളുയര്‍ത്താന്‍ ഇടയാക്കിയത് സിഎംആര്‍എല്‍ എക്സാലോജിക് പണമിടപാട് കേസില്‍ ഇഡിയുടെ അന്വേഷണം പുതിയ വഴികളിലേക്ക് കടന്നപ്പോഴാണ്. ഇടപാടിനപ്പുറത്തേക്ക് വിദേശ നാണ്യവിനിമയ ചട്ടലംഘനവും ഹവാല ഇടപാടും വരെ ഇഡി ഉന്നയിക്കുന്ന ഘട്ടത്തില്‍ പിണറായി വിജയനും കുടുംബവും വീണ്ടും അന്വേഷണപരിധിയിലേക്ക് വരികയാണ്.
സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി കേസില്‍ വീണ്ടും പിടിമുറുക്കുകയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ടി. വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് കോഴിക്കോട്ടെ ഏഴ് കേന്ദ്രങ്ങളിലായിരുന്നു ഇക്കഴിഞ്ഞ 18ന് ഇ.ഡി.യുടെ മിന്നല്‍ റെയ്ഡ്. ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജര്‍ നന്തുലാലിന്‍റെ കുണ്ടുപറമ്പിലെ വീട്ടിലാണ് ആദ്യം ഇഡി എത്തിയത്. റെയ്ഡ് 10 മണിക്കൂര്‍ നീണ്ടു. തൊട്ടുപിന്നാലെ സിപിഎം ജില്ലാസെക്രട്ടേറിയറ്റ് അംഗം പി. നിഖിലിന്‍റെ കരുവന്തുരുത്തിയിലെ തറവാട് വീട്ടിലെത്തി. പിന്നാലെ അശോകപുരത്തെ ഫ്ലാറ്റിലേയ്ക്ക്.
മകന്‍റെ ചികില്‍സയ്ക്കായി ആശുപത്രിയിലായിരുന്ന നിഖിലിനെ വിളിച്ചുവരുത്തി ഫ്ലാറ്റ് തുറന്ന് പരിശോധന നടത്തി. വീണയുടെ ഡയറിയില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിഖിലിന്‍റെ ഉടമസ്ഥതയിലുള്ള സോളസ് എന്ന പരസ്യകമ്പനിയിലും ഇഡിയെത്തി. സോളസുമായി വീണയുടെ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി ചോദിച്ചറിഞ്ഞത്. പരിശോധനയ്ക്കിടെ സിപിഎം ജില്ലാസെക്രട്ടറി എം മഹബൂബ് നിഖിലിന്‍റെ ഫ്ലാറ്റിലെത്തി. റെയ്ഡ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഇതിന് പുറമേ പന്തീരങ്കാവിലെ ക്യാപിറ്റല്‍ മാര്‍ബിള്‍സ്, ഹൈലൈറ്റില്‍ അമറിന്‍റെ ഉടമസ്ഥതിയലുള്ള ഫ്ലാറ്റ്, കാരപ്പറമ്പിലെ ഫഭീഷിന്‍റെ വീട്, സരോവരത്തെ കെസികെ ഡെന്‍റല്‍ കെയര്‍ എന്നിവിടങ്ങളിലും ഇഡിയെത്തി പരിശോധന നടത്തി. പി.എ. മുഹമ്മദ് റിയാസുമായി അടുത്ത ബന്ധമുളള വ്യക്തികളോ സ്ഥാപനങ്ങളോ ആണ് ഇവയെല്ലാം. വിഡിയോ റിപ്പോര്‍ട്ട് കാണാം.