Image Credit : Instagram
തന്‍റെ 117ാം ജന്മദിനം ആഘോഷമാക്കി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ എഥൽ കേറ്റർഹാം. യുകെയിലെ സറെയിലുള്ള ലേക്വ്യൂ കെയർ ഹോമിൽ വച്ചാണ് ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം എഥൽ മുത്തശ്ശി ജന്മദിനം ആഘോഷമാക്കിയത്. 116ാം വയസിൽ അന്തരിച്ച ബ്രസീലിയൻ കന്യാസ്ത്രീ സിസ്റ്റർ ഇനാ കനാബറോ ലൂക്കാസിൻ്റെ വേർപാടിനെ തുടര്‍ന്നാണ് എഥൽ മുത്തശ്ശിക്ക് ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തി എന്ന റെക്കോര്‍ഡ് ലഭിച്ചത്.
രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ടൈറ്റാനിക് ദുരന്തത്തിന് മൂന്ന് വർഷം മുമ്പും റഷ്യൻ വിപ്ലവത്തിന് എട്ട് വർഷം മുമ്പുമാണ് എഥൽ മുത്തശ്ശിയുടെ ജനനം. രണ്ട് ലോകമഹായുദ്ധങ്ങൾക്ക് എഥല്‍ മുത്തശ്ശി സാക്ഷിയായിട്ടുണ്ട്. എഡ്വേർഡ് ഏഴാമൻ രാജാവിന്റെ ഭരണകാലത്ത് ജനിച്ചവരിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ വ്യക്തിയാണ് ഇവരെന്നാണ് കരുതപ്പെടുന്നത്. ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിയെയും എഥല്‍ അതിജീവിച്ചു. 2020-ൽ 110 വയസുള്ളപ്പോഴാണ് എഥല്‍ മുത്തശ്ശിക്ക് കോവിഡ് ബാധയേല്‍ക്കുന്നത്. ഈ രോഗം അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തികളിൽ ഒരാളായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇവരെ അംഗീകരിച്ചിട്ടുണ്ട്. ദീര്‍ഘായുസിന്‍റെ കാര്യത്തില്‍ എഥലിന്‍റെ സഹോദരിയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. എഥലിൻ്റെ സഹോദരി ഗ്ലാഡിസ് ബാബിലാസിന്‍റെ ആയുസ് 104 വർഷവും 78 ദിവസവുമായിരുന്നു.
ഹാംഷെയറിലെ ഷിപ്റ്റൺ ബെല്ലിഞ്ചർ സ്വദേശിയായ എഥൽ, തന്‍റെ കുടുംബത്തിലെ 8 മക്കളില്‍ രണ്ടാമത്തവളായിരുന്നു. 1927ൽ ഇന്ത്യയിലെത്തിയ എഥല്‍ ഒരു മിലിട്ടറി കുടുംബത്തിൽ കുട്ടികളെ നോക്കുന്ന ജോലി ചെയ്തിരുന്നു. 1931ൽ ബ്രിട്ടനിൽ നടന്ന ഒരു വിരുന്നിൽ വച്ചാണ് ബ്രിട്ടീഷ് സൈന്യത്തിലെ ലെഫ്റ്റനന്റ് കേണലായ നോർമനെ കണ്ടുമുട്ടുന്നത്. ഇരുവരും വിവാഹിതരായി ഹോങ്കോങ്ങിലേക്ക് താമസം മാറി. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രിട്ടനിലേക്ക് തന്നെ മടങ്ങിയെത്തിയ എഥലും ഭര്‍ത്താവും കുടുംബമായി ഇവിടെ തന്നെ താമസമാരംഭിച്ചു. 1976ല്‍ ഭര്‍ത്താവ് നോര്‍മന്‍ മരണപ്പെട്ടു. മക്കളും കൊച്ചുമക്കളുമെല്ലാമുളള എഥല്‍ നിലവില്‍ യുകെയിലെ ലേക്വ്യൂ കെയർ ഹോമിൽ സന്തോഷമായി കഴിയുകയാണ്.