grandmother-protects-child

Image: X and AI

നാലുവയസ്സുകാരിയായ തന്‍റെ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടി മുത്തശ്ശി. തമിഴ്‌നാട്ടിലെ കരൂർ ജില്ലയിലെ കുളിത്തലൈയ്ക്ക് സമീപമാണ് സംഭവം. സംഭവത്തിൽ 55-കാരിയായ കുട്ടിയുടെ മുത്തശ്ശിയേയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പെൺകുട്ടിയുടെ മുത്തശ്ശി കുളിത്തലൈയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. അതേസമയം, കുട്ടിയാകട്ടെ മാതാപിതാക്കൾക്കൊപ്പം മറ്റൊരു ഗ്രാമത്തിലാണ്. കുട്ടിയുടെ മാതാവ് അയൽവാസിയായ ടി. മണിക്യം (31) എന്നയാളോട് കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇയാൾ കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലാക്കുന്നതിന് പകരം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന് ശേഷം ഇയാൾ കുട്ടിയെ മുത്തശ്ശിയുടെ വീടിന് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

വീട്ടിലെത്തിയ കുട്ടി മുത്തശ്ശിയോട് സംഭവിച്ച കാര്യങ്ങൾ പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. വിവരം അറിഞ്ഞ ഉടൻ പ്രകോപിതയായ മുത്തശ്ശി ആയുധവുമായി മണിക്യത്തെ തേടിയിറങ്ങുകയായിരുന്നു. വെള്ളിയാഴ്ച കുളിത്തലൈ ടൗണിന് സമീപമുള്ള ഒരു ചായക്കടയ്ക്ക് അടുത്ത് പ്രതിയെ കണ്ട മുത്തശ്ശി, ഇയാളെ പിന്തുടർന്ന് പിടികൂടുകയും കൈയിലുണ്ടായിരുന്ന വടിവാള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർക്ക് മുന്നിലായിരുന്നു ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിക്യത്തിന് പത്തോളം തവണ വെട്ടേറ്റിട്ടുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുളിത്തലൈ പൊലീസ് മുത്തശ്ശിയിൽ നിന്ന് വടിവാള്‍ പിടിച്ചെടുക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മണിക്യത്തെ കുളിത്തലൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബാംഗങ്ങളിൽ നിന്ന് പരാതി ലഭിച്ചതായും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പീഡനത്തിനിരയായ നാലുവയസ്സുകാരിക്കും ചികിത്സ ലഭ്യമാക്കുന്നുണ്ട്.

ENGLISH SUMMARY:

An elderly woman in Tamil Nadu's Karur district took matters into her own hands after learning that her four-year-old granddaughter was sexually abused by a neighbor. The accused, identified as T. Manikyam, had allegedly abducted the child under the guise of dropping her off at her grandmother's house, only to subject her to the assault. Upon discovering the horrific incident, the enraged grandmother confronted the suspect at a tea shop and attacked him multiple times with a machete in public view. Police have since taken the grandmother into custody and admitted the seriously injured suspect to a government hospital while initiating a criminal investigation.