begger-attack

Image Credit : Twitter

ക്ഷേത്രത്തിന് മുന്നിൽ കൈക്കുഞ്ഞുമായി ഭിക്ഷയാചിക്കുകയായിരുന്ന സ്ത്രീയെ യുവാവ് ക്രൂരമായി മർദിച്ചു. പഞ്ചാബിലെ കപൂർത്തലയിലാണ് ഞെട്ടിക്കുന്ന സംഭവം. ചെരുപ്പൂരി സ്ത്രീയുടെ മുഖത്ത് ഒമ്പത് തവണയാണ് യുവാവ് അടിച്ചത്. അതുകൊണ്ടും കലിയടങ്ങാതെ കാലുകൊണ്ട് തൊഴിക്കുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നാട്ടുകാർ ഇടപെട്ടതോടെയാണ് ആക്രമണം അവസാനിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

38 സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളുടെ തുടക്കത്തിൽ ക്ഷേത്രമുറ്റത്ത് കൈക്കുഞ്ഞുമായി ഭിക്ഷയാചിക്കുന്ന സ്ത്രീയെ കാണാം. ഇവർക്കരികിലേക്ക് വെള്ള ടി-ഷർട്ടും കറുത്ത ഷോർട്സും ധരിച്ചെത്തിയ യുവാവ് ആദ്യം ആക്രോശിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ കാലിലെ ചെരുപ്പൂരി സ്ത്രീയുടെ മുഖത്തടിക്കാൻ തുടങ്ങുകയായിരുന്നു. ആക്രമണം തടയാൻ സ്ത്രീ ശ്രമിച്ചെങ്കിലും മുഖത്ത് ഒമ്പത് തവണയാണ് യുവാവ് ചെരുപ്പുകൊണ്ട് അടിച്ചത്. ഇതിനിടെ ഓടിയെത്തിയ മറ്റൊരു സ്ത്രീ യുവാവിനെ പിടിച്ചു മാറ്റി ആക്രമണം അവസാനിപ്പിക്കാൻ ശ്രമിച്ചു.

സംഭവസ്ഥലത്ത് തടിച്ചുകൂടിയവർ യുവാവിനെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഇയാൾ ശാന്തനാകാൻ തയ്യാറായില്ല. ആളുകൾ നോക്കിനിൽക്കുന്നതിനിടെ യാചകയെ  പലതവണ തൊഴിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിന് മുന്നിൽ കട നടത്തുന്നയാളാണ് പ്രതി. യാചകയുടെ കുട്ടികൾ കളിക്കുന്നതിനിടെ യുവാവിന്‍റെ ബൈക്കിൽ തട്ടിയതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒളിവിലുള്ള ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കപൂർത്തല ഡിഎസ്‌പി ശീതൾ സിങ് അറിയിച്ചു.

ENGLISH SUMMARY:

A man brutally beat a woman begging with her infant outside a temple in Kapurthala, Punjab. The incident, captured on CCTV, shows the man repeatedly hitting the woman with his slipper and kicking her.