• വടകര എംഡിഎംഎ കേസിൽ അധ്യാപിക കീർത്തനയാണ് മുഖ്യ ആസൂത്രകയെന്ന് പൊലീസ് കണ്ടെത്തൽ. താൻ നിരപരാധിയാണെന്ന് കീർത്തന കോടതിക്ക് പുറത്ത് പ്രതികരിച്ചു.

കോഴിക്കോട് വടകരയില്‍ അധ്യാപികമാര്‍ പ്രതികളായ MDMA കേസില്‍ മുഖ്യ ആസൂത്രക കീര്‍ത്തന. മറ്റ് അധ്യാപികമാരെയും ഇടപാടിലേക്ക് കൊണ്ടുവന്നത് കീര്‍ത്തനയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ലഹരി കച്ചവടത്തിന്‍റെ ഫോട്ടോകളും ചാറ്റുകളും കീര്‍ത്തനയുടെ ഫോണില്‍ നിന്നും പൊലീസ് കണ്ടെടുത്തു.  കസ്റ്റഡി അപേക്ഷയിലാണ് നിര്‍ണായക വിവരങ്ങള്‍.  കീര്‍ത്തനയുടെ അക്കൗണ്ടില്‍ നിന്ന് മറ്റുപ്രതികളുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായും കണ്ടെത്തി. 

ഡെലിവറി ബോയുടെ അക്കൗണ്ടില്‍ ഒരു കോടിയുടെ ഇടപാട്; ടീച്ചര്‍മാരുടെ അക്കൗണ്ടുകളില്‍ ലക്ഷങ്ങള്‍

എന്നാല്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് കീര്‍ത്തന. താന്‍ ഒരു അധ്യാപികയും അമ്മയുമാണെന്നും ലഹരി ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും കീര്‍ത്തന പ്രതികരിച്ചു. വടകര എംഡിഎംഎ കേസില്‍ പ്രധാന പ്രതി കീര്‍ത്തനയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ കോടതിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു കീര്‍ത്തനയുടെ ഈ പ്രതികരണം.

ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ടുകൾ മൈനസ് ആണെന്നും കീർത്തന മാധ്യമങ്ങളോടു വിളിച്ചുപറഞ്ഞു. ഗ്രാമീണ ബാങ്കിലും കൊയിലാണ്ടി കാനറ ബാങ്കിലുമുള്ള അക്കൗണ്ടുകളിൽ ലോൺ അടവ് മൈനസ് ആണെന്നാണ് കീര്‍ത്തനയുടെ വാദം. അന്വേഷണ സംഘം പറയുന്നത് മാത്രമാണ് സത്യമെന്ന് കരുതരുത്. മാധ്യമങ്ങള്‍ സത്യാവസ്ഥ മനസിലാക്കണം. തനിക്ക് ലഹരി ഇടപാടുമായി ബന്ധമില്ലെന്നും കീര്‍ത്തന പറഞ്ഞു. 

കായികാധ്യാപിക, ഓട്ടിസം അധ്യാപിക; എംഡിഎംഎ ടീച്ചര്‍മാര്‍ പൊലീസിനെ വെട്ടിച്ചത് സല്‍പേര് മറയാക്കി

രണ്ട് ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ കിട്ടിയ കീര്‍ത്തനയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ലഹരി ഇടപാടിന് നേതൃത്വം നല്‍കുന്നവരെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ.  കേസില്‍ അറസ്റ്റിലായ മറ്റു രണ്ട് അധ്യാപകരായ കാവ്യയെയും നീഷ്മയെയും അടുത്ത ഘട്ടത്തില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. 

ENGLISH SUMMARY:

Keerthana has been identified as the mastermind behind the MDMA drug trafficking case in Vadakara, which involved multiple school teachers. Police uncovered incriminating chat logs, photographs, and financial transactions linking her bank accounts to the other suspects during the initial investigation. Although she has been remanded to a two-day police custody for intensive interrogation, Keerthana maintains her innocence and claims her bank accounts reflect negative loan balances. Meanwhile, authorities plan to interrogate the other arrested teachers, Kavya and Neeshma, in subsequent phases to uncover the broader drug network.