mdma-teachers

TOPICS COVERED

അധ്യാപികമാര്‍ നിയന്ത്രിക്കുന്ന ലഹരിമാഫിയ സംഘത്തെ കണ്ടു നടുങ്ങിയിരിക്കുകയാണ് കോഴിക്കോട് റൂറല്‍ ഡാന്‍സാഫ് സംഘവും വടകര പൊലീസും. കഴിഞ്ഞ 12നാണ് പേരാമ്പ്ര ബി.ആര്‍.സിയിലെ സ്പെഷ്യല്‍ എജുക്കേറ്ററും മുന്‍കായിക താരവുമായ മരുതോങ്കര സ്വദേശിനി കെ.സി.കീര്‍ത്തനയെ എം.ഡി.എം.എ ഇടപാട് നിയന്ത്രിച്ചതിനും സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്തതിനും വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ബി.ആര്‍.സിക്കു കീഴില്‍ വര്‍ഷങ്ങളായി താല്‍കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്ന കീര്‍ത്തന അധ്യാപികയെന്ന സല്‍പേര് മറയാക്കിയാണു ലഹരി വ്യാപാരത്തിന് ഇറങ്ങിയതെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഹപ്രവര്‍ത്തകയും ഉറ്റ കൂട്ടുകാരിയുമായ കൂരാച്ചുണ്ട് സ്വദേശിനി കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്

അധ്യാപനത്തിന്‍റെ മറവില്‍ ലഹരി വില്‍പന,അക്കൗണ്ടുകളിലൂടെ മറഞ്ഞത് ലക്ഷങ്ങള്‍– രണ്ടാഴ്ച മുന്‍പ് വടകര പൊലീസ്  റിസ്വാന്‍‌ എന്നയാളെ എം.ഡി.എം.എയുമായി പിടികൂടിയതോടെയാണ് അധ്യാപികമാര്‍ ഉള്‍പെട്ട ലഹരി സംഘത്തെ കുറിച്ചുള്ള സൂചന കിട്ടിയത്. ഇയാള്‍ ബാങ്ക് അക്കൗണ്ട് വഴി പണം വാങ്ങിയാണ് ലഹരി കച്ചവടമെന്നു പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ കെ.സി.കീര്‍ത്തനയുടെ അക്കൗണ്ട് വഴിപണം സ്വീകരിച്ചാണു കച്ചവടമെന്നു കണ്ടെത്തി. തുടര്‍ന്നായിരുന്നു അറസ്റ്റ്.

ആയിരം കോടിയുടെ ഫൈറ്റർ ഡ്രഗ് കടത്ത്; രണ്ട് മലയാളികളെ പിടികൂടിയത് സിനിമ സ്റ്റൈലിൽ...

സ്പെഷ്യല്‍ എജുക്കേറ്റര്‍ –കായിക താരം– കെ.സി.കീര്‍ത്തന പേരാമ്പ്ര ബി.ആര്‍.സിക്കു കീഴിലെ താല്‍കാലിക കായിക അധ്യാപികയാണ്. വിവിധ സ്കൂളുകളില്‍ പലദിവസങ്ങളിലായി എത്തി കുട്ടികള്‍ക്കു പരിശീലനം നല്‍കുന്ന രീതിയിലായിരുന്നു കീര്‍ത്തനയുടെ ജോലി.ഇതു മറയാക്കിയായിരുന്നു ലഹരി വില്‍പന.  കീര്‍ത്തന അറസ്റ്റിലായതിനു പിറകെ ഇവരെ സര്‍വീസില്‍ നിന്നു നീക്കാന്‍ സമഗ്ര ശിക്ഷ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഉത്തരവിറക്കി.

ഞെട്ടിച്ച് രണ്ടാമത്തെ അധ്യാപികയുടെ അറസ്റ്റ്– ഇന്നലെയാണു കൂരാച്ചുണ്ട്  ചെറുകാട് സ്വദേശി കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. എം.എ സൈക്കോളജി കഴിഞ്ഞ കാവ്യ ബി.ആര്‍.സിക്കു കീഴിലെ  ചെറൂവാളൂര്‍ സര്‍ക്കാര്‍ എല്‍.പി. സ്കൂളിനോടു ചേര്‍ന്നുള്ള ഓട്ടിസം സ്കൂളിലെ അധ്യാപികയായിരുന്നു. ആഴ്ചയില്‍ മുന്ന് ദിവസമായിരുന്നു ആഴ്ചയില്‍ കാവ്യ ജോലിയുണ്ടായിരുന്നത്. 2016 മുതല്‍ വിവിധ ബി.ആര്‍.സികളില്‍ സ്പെഷ്യല്‍ ഏജുക്കേറ്ററായി ജോലി ചെയ്യുന്നതാണു കാവ്യ. ആദ്യം കുന്നുമ്മല്‍ ബി.ആര്‍.സിയും പിന്നീട് പന്തലായനി ബി.ആര്‍.സിയിലും2022 മുതല്‍ പേരാമ്പ്രയിലുമാണ് കാവ്യ ജോലി നോക്കുന്നത്. നേരത്തെ കൃത്യമായി ജോലിക്കെത്തുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നു വിശദീകരണം ചോദിച്ചിരുന്നു. കുടുംബ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വിവാഹ മോചനവുമായി ബന്ധപെട്ട കേസുകളുള്ളതിനാലുമാണ് പലപ്പോഴും കൃത്യമായി ജോലിക്കെത്താന്‍ കഴിയാത്തതെന്നുമായിരുന്നു വിശദീകരണം. 

പ്രവര്‍ത്തനം മണീമ്യൂള്‍  അക്കൗണ്ട് രീതിയില്‍–പൊലീസിന്‍റെയും അന്വേഷണ ഏജന്‍സികളുടെയും കണ്ണു പതിയാതിരിക്കാന്‍ വ്യത്യസ്തമായ രീതിയിലായിരുന്നു ഈ ലഹരി സംഘത്തിന്‍റെ പ്രവര്‍ത്തനം. അധ്യാപികമാരെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ടുകളിലേക്ക് പണം വാങ്ങുന്നതായിരുന്നു രീതി. 2000 രൂപ വീതം അയച്ചുനല്‍കിയാല്‍  ലഹരി ഒളിപ്പിച്ചുവച്ച ലൊക്കേഷന്‍ ഇവര്‍ പണം അയച്ചുനല്‍കിയ ആള്‍ക്കു കൈമാറും. ലൊക്കേഷനിലെത്തുന്നവര്‍ക്കു സംഘത്തിലെ മറ്റൊരാള്‍ ലഹരി മരുന്നു കൈമാറും. ഇങ്ങനെ ലഭിക്കുന്ന പണം വന്‍തുകയാവുന്നതോടെ കാവ്യയുടെ അക്കൗണ്ടിലേക്കു മാറ്റുകയും അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിക്കുന്നതുമായിരുന്നു കച്ചവടതന്ത്രം. ലഹരി ഉപയോഗിക്കുന്നവരുമായി ബന്ധമില്ലെങ്കിലുംവന്‍കിട ഇടപാടുകാരുമായി കീര്‍ത്തനയ്ക്ക് അടുത്തു ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ബി.ആര്‍.സിക്കാര്‍ നേരത്തെയറിഞ്ഞു?– കീര്‍ത്തന അറസ്റ്റിലായിതിനു പിന്നാലെ കാവ്യയെ കുറിച്ച് പേരാമ്പ്ര ബി.ആര്‍.എസി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാവ്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുന്നുവെന്ന വിവരം കിട്ടിയിതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ ജോലി ചെയ്യുന്ന സ്കൂള്‍ എച്ച്.എമ്മിന് മുന്നറിയിപ്പ് നല്‍കിയത്. ഇക്കാര്യം കാവ്യ അറിഞ്ഞതോടെ സ്കൂളില്‍ ബഹളം വച്ചു. തുടര്‍ന്നു ബി.ആര്‍.സിയിലേക്കു വിളിച്ചുവരുത്തി വിശദീകരണം തേടി. അറസ്റ്റിലായ കീര്‍ത്തനയുമായി സൗഹൃദം മാത്രമേ ഒള്ളൂവെന്നും ലഹരി സംഘമായി ബന്ധമില്ലെന്നും ആവര്‍ത്തിച്ചു പറഞ്ഞതോടെ ബി.ആര്‍.സി അധികൃതര്‍  താക്കീത് നല്‍കി പോവാന്‍ അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും ഇക്കാര്യം കാവ്യ ബി.ആര്‍.സിയില്‍ അറിയിച്ചിരുന്നു. രണ്ടു വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ കാവ്യക്ക്  കോഴിക്കോട് ജില്ലയിലെ 15 ബി.ആര്‍.സികളില്‍ നിന്നുള്ള അധ്യാപകരെല്ലാം പിരിവെടുത്ത് സഹായിച്ചിരുന്നു. കാലിന്‍റെ എല്ലുകള്‍ക്ക് പൊട്ടലും പല്ലുകള്‍ നഷ്ടമാവുകയും ചെയ്തിരുന്ന കാവ്യ ഈ സഹായം കൊണ്ടാണു ചികിത്സ പൂര്‍ത്തിയാക്കിയത്. എന്നാല്‍ അടുത്തിടെ വില കൂടിയ ആഢംബര കാര്‍ വാങ്ങിയതും സഹ അധ്യാപകര്‍ക്ക് സംശയം ഉണ്ടാക്കിയിരുന്നു. എന്നാല്‍ വിദേശത്ത് ജോലി നോക്കുന്ന സഹോദരന്‍റെ വാഹനമാണന്നായിരുന്നു ഇവര്‍ നല്‍കിയ വിശദീകരണം.

ENGLISH SUMMARY:

Malayala Manorama Online News reports on the shocking discovery of a drug mafia controlled by teachers in Kozhikode, Kerala. The coordinated effort by the Danzaf team and Vadakara police has exposed a network involved in MDMA deals, highlighting the intricate methods used to conceal their operations.