chathannoor-mdma-bust-kollam

ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് ലഹരിയുമായി പിടിയില്‍. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ സനൽകുമാറാണ് ഒരു ഗ്രാം എം.ഡി.എം.എ.യുമായി ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. ഭാര്യയുമായി തര്‍ക്കമുണ്ടായതിന് പിന്നാലെ ആശുപത്രിയിലേക്കെന്ന വ്യാജേന ഭാര്യ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. പിന്തുടര്‍ന്നെത്തിയതോടെയാണ് യുവാവ് പിടിയിലായത്.

കൊല്ലം ജില്ലയിലെ ചാത്തന്നൂരിലുള്ള ഭാര്യയുടെ സഹോദരിയുടെ ഭർത്താവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ചടങ്ങുകൾക്ക് ശേഷം വീട്ടിൽ വെച്ച് ഭാര്യയുമായി ഉണ്ടായ തർക്കത്തിൽ ഭാര്യയ്ക്ക് പരിക്കേൽക്കുകയും, തുടർന്ന് ഇവർ ആശുപത്രിയിലേക്ക് എന്ന വ്യാജേന പുറത്തേക്ക് ഇറങ്ങുകയുമായിരുന്നു. എന്നാല്‍ ഭർത്താവ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഭാര്യ രക്ഷപ്പെടാനായി ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. ഇത് പൊലീസ് സ്റ്റേഷനിലേക്കാണെന്ന് മനസിലാകാതെ സനൽകുമാറും ഭാര്യയ്ക്ക് ഒപ്പം സ്റ്റേഷനിലേക്ക് കയറിച്ചെന്നു.

ഭർത്താവ് തന്നെ മർദ്ദിച്ചെന്നും ഇയാളെ ഉപദേശിച്ച് നന്നാക്കണമെന്നും യുവതി പൊലീസിനോട് പരാതിപ്പെട്ടു. സംസാരിക്കുന്നതിനിടയിൽ സനൽകുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ദേഹപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് വസ്ത്രത്തിനുള്ളിൽ നിന്ന് ഒരു ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തത്. സ്വന്തം ആവശ്യത്തിനായി വാങ്ങിയ ലഹരിമരുന്നാണ് ഇതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് പറഞ്ഞത്.

സംഭവത്തില്‍ ലഹരിമരുന്ന് കൈവശം വെച്ചതിന് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി ചാത്തന്നൂർ പൊലീസ് അറിയിച്ചു. ഇയാൾക്ക് ലഹരിമരുന്ന് ലഭിച്ച സ്രോതസ്സിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരിയായ ഭാര്യയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പൊലീസ് വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

ENGLISH SUMMARY:

A man from Attingal was arrested after entering the Chathannoor police station with contraband while pursuing his wife following a domestic dispute. The woman had feigned a trip to the hospital to escape her husband's assault and instead ran into the police station for protection. Unaware of the location, Sanal Kumar followed her inside, where the police noticed his suspicious behavior during the woman's complaint. A physical search by officers subsequently revealed one gram of MDMA concealed within his clothing, leading to his immediate arrest.