up-girl

AI Generated Image

സംസ്കരിച്ച് 52 ദിവസങ്ങൾക്കുശേഷം യുപിയിൽ പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന. മരണത്തിലെ ദുരൂഹതയെത്തുടർന്നാണ് പതിനാറുകാരിയുടെ മൃതദേഹം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഖബറിടത്തിൽ നിന്ന് പുറത്തെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. അയല്‍ക്കാരന്‍റെ പരാതിയെ തുടർന്ന് ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കോട്‌വാളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷാ ജമാൽ ഖബർസ്ഥാനിൽ വെച്ച് സിറ്റി മജിസ്ട്രേറ്റ് അതുൽ ഗുപ്ത ഉൾപ്പെടെയുള്ള ജില്ലാ ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

ദുലാരെ ഖാൻ എന്ന നാട്ടുകാരന്‍ നൽകിയ രേഖാമൂലമുള്ള പരാതിയെത്തുടർന്നാണ് ഇത്തരമൊരു നടപടി. ജൂൺ 8-ന് രാവിലെ അടുത്തുള്ള പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ ഷാ ജമാൽ പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് നിലവിളി ശബ്ദം കേട്ടതായി അദ്ദേഹം പരാതിയിൽ ആരോപിച്ചിരുന്നു. താൻ വാതിലിൽ മുട്ടിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

ആ വീട്ടിൽ താമസിച്ചിരുന്ന പെണ്‍കുട്ടി പെട്ടെന്ന് മരണപ്പെടുകയും, ഉടന്‍ തന്നെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സംസ്കരിക്കുകയും ചെയ്തതായി തൊട്ടടുത്ത ദിവസമാണ് അയൽക്കാരിൽ നിന്ന് അറിഞ്ഞതെന്ന് ഖാൻ വ്യക്തമാക്കി. പൊലീസിൽ വിവരമറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും, കേസിന് പുറകെ പോയതോടെ തനിക്ക് വധഭീഷണി ഉണ്ടായതായും അദ്ദേഹം ആരോപിച്ചു. പരാതി ജില്ലാ മജിസ്ട്രേറ്റ് അവിനാഷ് കുമാറിന്‍റെയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് മൃതദേഹം പുറത്തെടുക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടത്.

ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതെന്ന് സിറ്റി മജിസ്ട്രേറ്റ് അതുൽ ഗുപ്ത പറഞ്ഞു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയുടെ അടുത്ത കുടുംബാംഗങ്ങളെ അടക്കം പൊലീസ് വീണ്ടും ചോദ്യം ചെയ്തേക്കും.

ENGLISH SUMMARY:

In Uttar Pradesh, a 16-year-old girl's body was exhumed 52 days after burial following a mysterious death. A neighbor's complaint prompted the district administration to order an investigation into the suspicious circumstances surrounding the teenager's demise.