ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ മദ്യലഹരിയില്‍ എട്ടുമാസം ഗർഭിണിയായ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ്. മഹോബ ജില്ലയിലെ പൻവാരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിജ്രാരി ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. 32 കാരിയായ മനീഷ മൻസൂരി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഹനീഫിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ബിജ്രാരി ഗ്രാമത്തിൽ ഭാര്യ മനീഷയോടും രണ്ട് മക്കളോടുമൊപ്പം താമസിച്ചുവരികയായിരുന്നു ഹനീഫ്. സംഭവദിവസം രാത്രി അമിതമായി മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ ഹനീഫ്, അരിവാൾ ഉപയോഗിച്ച് യുവതിയുടെ തലയിലും കഴുത്തിലും മാറിമാറി വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനീഷ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.
കൊലപാതകത്തിന് ശേഷം പൊലീസിനെ കബളിപ്പിക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനായി തന്‍റെ ഭാര്യയെ അപരിചിതരായ ചിലരെത്തി കൊലപ്പെടുത്തിയതായി പൊലീസ് എമർജൻസി നമ്പറായ 112-ൽ വിളിച്ച് പ്രതി വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ, കൊലപാതകം നേരിൽ കണ്ട അഞ്ചു വയസ്സുകാരനായ മകനാണ് പിതാവിന്‍റെ കള്ളക്കളി പൊളിച്ചത്. നടന്ന കാര്യങ്ങള്‍ കുട്ടി പൊലീസിനോട് തുറന്നുപറയുകയായിരുന്നു.
സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തതായും, മനീഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പൊലീസ് വ്യക്തമാക്കി. ഫൊറൻസിക് തെളിവുകളുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.