Image: X, @Yashahmad8
മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ നാനാക് റാം ഭൂര്‍ജി (68) കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. ലഖ്‌നൗവിലെ എം.എൽ.എ റെസിഡൻസ് സമുച്ചയത്തിന്റെ ഏഴാം നിലയിൽ നിന്നാണ് ഭൂര്‍ജി വീണത്. ബി.ജെ.പി ഒ.ബി.സി മോർച്ചയിലെ പ്രമുഖ ഭാരവാഹി കൂടിയായിരുന്നു ഭൂര്‍ജി. ഹസ്രത്ഗഞ്ചിലെ പുതിയ ദാരുൾ ഷാഫ എം.എൽ.എ റസിഡൻസിന് പിന്നിലായാണ് അപകടമുണ്ടായത്. അതേസമയം ഈ കെട്ടിടത്തില്‍ മുന്‍മന്ത്രി എങ്ങനെയെത്തിയെന്ന കാര്യത്തില്‍ ദുരൂഹത നിറയുകയാണ്.
എംഎല്‍എ റസിഡന്‍സിന്റെ സുരക്ഷാ ചുമതലയുളള വ്യക്തിയാണ് കെട്ടിടത്തില്‍ നിന്നും ആരോ താഴേക്ക് വീണതായി പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് സ്ഥലത്തെത്തി ഭൂര്‍ജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വീഴ്ചയില്‍ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഭൂർജിയുടെ ശരീരത്തിൽ വീഴ്ചയെത്തുടര്‍ന്ന് ഗുരുതരമായ പരുക്കുകള്‍ ഉണ്ടായിരുന്നതായും സിവിൽ ആശുപത്രി ഡയറക്ടർ ഡോ. ജി.സി. ഗുപ്ത വ്യക്തമാക്കി.
അതേസമയം മുന്‍മന്ത്രി വീണുമരിച്ച കെട്ടിടത്തില്‍ ഇദ്ദേഹത്തിന് ഔദ്യോഗിക മുറികളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ കെട്ടിടത്തിനു പരിസരത്തെല്ലാം അദ്ദേഹം പതിവായി എത്താറുണ്ടായിരുന്നുവെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. ഭൂര്‍ജി ഈ കെട്ടിടത്തില്‍ എത്തിയ സാഹചര്യവും മരണകാരണവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താൻ സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. ദീര്‍ഘകാലമായി ഇദ്ദേഹം വിഷാദരോഗത്തിനു ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.