വിവാഹേതര ബന്ധം എതിര്‍ത്ത ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന കൊലപാതകത്തില്‍ പ്രതിയെ കുടുക്കിയതാവട്ടെ 'ഓവര്‍ ആക്ടിങ്ങും'. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് ലിസാരി ഗേറ്റിൽ കൗസർ എന്ന സ്ത്രീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അജ്ഞാതനായ അക്രമി കൊലപ്പെത്തിയെന്നാണ് ആദ്യം സംശയിച്ചിരുന്നത്.
മോഷണശ്രമത്തിന് പിന്നാലെയുള്ള കൊലപാതകമെന്നാണ് കൗസറിന്‍റെ ഭർത്താവ് സാഖിബ് പൊലീസിനോട് ആദ്യം പറഞ്ഞത്. കറുത്ത വസ്ത്രം ധരിച്ച ഒരു അജ്ഞാത അക്രമിയാണ് കൊല നടത്തിയതെന്നും പറഞ്ഞു. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ വാവിട്ട് നിലവിളിച്ചു. നെഞ്ചുവേദന എടുക്കുന്നുവെന്ന് പറഞ്ഞ സാഖിബിന് ബന്ധുക്കള്‍ നെഞ്ച് തിരുമിക്കൊടുക്കുകയും ചെയ്തു.
എന്നാല്‍ സാബിഖിന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു. സാഖിബിന്‍റെ മൊഴികളിലെ പൊരുത്തക്കേടുകളുകള്‍ പൊലീസ് എളുപ്പത്തില്‍ തിരിച്ചറിഞ്ഞു. ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും സാബിഖ് മൊഴി മാറ്റി പറഞ്ഞു. പൊലീസ് തെളിവുകള്‍ കൂടി ഹാജരാക്കിയതോടെ സാഖിബിന് വേറെ വഴിയില്ലാതായി. അയാള്‍ കുറ്റം സമ്മതിച്ചു.
സംഭവം നടക്കുമ്പോൾ ദമ്പതികളുടെ മൂന്ന് പെൺമക്കൾ വീട്ടിലുണ്ടായിരുന്നു. വീട്ടിൽ കള്ളന്മാർ കയറി അമ്മയെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറയാൻ സാഖിബ് കുട്ടികളിൽ ഒരാളെ പറഞ്ഞ് പഠിപ്പിച്ചിരുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള അവിഹിത ബന്ധത്തെ കൗസർ എതിർത്തിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുമൂലം ഇരുവര്‍ക്കുമിടയിൽ തർക്കങ്ങൾ പതിവായിരുന്നു. ഒടുവിൽ തര്‍ക്കം കൗസറിന്‍റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന കൗസറിനെ പേപ്പർ കട്ടർ ഉപയോഗിച്ചാണ് സാഖിബ് കൊലപ്പെടുത്തിയത്. മീററ്റ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.