പ്രതീകാത്മക ചിത്രം
ഉത്തര്‍പ്രദേശില്‍ ബന്ധുവിന്‍റെ വെടിയേറ്റ് ഒന്‍പതുവയസുകാരന് ദാരുണാന്ത്യം. മദ്യപാനത്തിനിടെ വെളളം എടുത്തുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കുട്ടി നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ വെള്ളിയാഴ്ചയാണ് ദാരുണസംഭവം നടന്നത്. യഷ് എന്ന് വിളിക്കുന്ന യശ്പാൽ എന്ന കുട്ടിയാണ് ബന്ധുവായ ധനേഷ് യാദവിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
യാകുത്ഗഞ്ച് ഗ്രാമത്തിൽ നടന്ന ഒരു പേരിടല്‍ ചടങ്ങിനിടെയാണ് ക്രൂരകൃത്യം നടന്നത്. ചടങ്ങിനായി ബന്ധുക്കളും ഗ്രാമവാസികളും ഒത്തുകൂടിയ സമയത്ത് മദ്യപാനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു പ്രതിയായ ധനേഷ് യാദവ്. ഇയാള്‍ മദ്യപിക്കുന്നതിനിടെ കുട്ടിയോട് വെളളം ആവശ്യപ്പെട്ടു. എന്നാല്‍ വെളളം എടുത്ത് കൊടുക്കാന്‍ യഷ് വിസമ്മതിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി ഉടന്‍ തന്നെ കയ്യിലിരുന്ന തോക്കെടുത്ത് കുട്ടിയുടെ വയറ്റിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
പരുക്കേറ്റ കുട്ടിയെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാൽ പിന്നീട് അലിഗഡിലെ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ചികില്‍സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഒളിവില്‍ പോയ പ്രതിയെ വൈകാതെ തന്നെ പിടികൂടി. പ്രതിയുടെ പക്കല്‍ നിന്നും കുട്ടിയെ വെടിവെച്ച തോക്കും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ തുടർ നടപടികൾ കൈക്കൊണ്ടുവരികയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് രാജേഷ് കുമാർ ഭാരതി പറഞ്ഞു.