Image Credit:x/newsmeter_in

Image Credit:x/newsmeter_in

കഞ്ചാവ് ഉപയോഗിച്ച് അതിന് അടിമയായ യുവാവ് ഒടുവില്‍ സ്വന്തം ആവശ്യത്തിന് 'കൃഷി ചെയ്ത്' കുടുങ്ങി. ഹൈദരാബാദ് സ്വദേശിയായ ടെക്കി യുവാവാണ് ലഹരിയുടെ പിടിയിലായി പൊലീസിന്‍റെ കൈയിലെത്തിയത്. പ്രമുഖ സോഫ്റ്റ്​വെയര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ശശിധറെന്ന യുവാവ് തന്‍റെ ശമ്പളം മുഴുവന്‍ കഞ്ചാവ് വാങ്ങാനാണ് ചെലവഴിച്ചു വന്നത്. മൂന്ന് മാസത്തിനുള്ളില്‍ ലഹരിയില്ലാതെ പറ്റില്ലെന്ന സ്ഥിതിയായി. ജോലിയും നഷ്ടമായി. 

ജോലി പോയതോടെ സ്വാഭാവികമായി സാമ്പത്തിക ബുദ്ധിമുട്ടായി. കഞ്ചാവ് വാങ്ങാനുള്ള പണം ഇല്ലാതെ വന്നതോടെ വീട്ടിലെ ടെറസില്‍ ചെടികള്‍ ശശിധര്‍ നട്ടുവളര്‍ത്താന്‍ തുടങ്ങിയത്. രഹസ്യ വിവരം ലഭിച്ച പൊലീസ് നച്ചരം ഗാന്ധിനഗറിലെ വീട്ടിലെത്തി ചെടിയോടെ യുവാവിനെ പൊക്കി. 17 കഞ്ചാവു ചെടികളാണ് ടെറസില്‍ നിന്നും കണ്ടെത്തിയത്. ചിലത് മൂന്ന് മീറ്റളോളം ഉയരം വച്ചിരുന്നു. കുറച്ച് ചെടികള്‍ പൂവിടാനും തുടങ്ങിയിരുന്നു. 10കിലോയോളം വരുമിതെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വെളിപ്പെടുത്തി. യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ്, നടപടികള്‍ പൂര്‍ത്തിയാക്കി എക്സൈസിന് കൈമാറി. 

അതിനിടെ മെഡിപ്പള്ളിയില്‍ നിന്നും കഞ്ചാവുമായി രണ്ട് ബി.ടെക് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ബന്‍ഡി അരുണ്‍ കുമാര്‍. ആശിഷ് എന്നിവരെ അരക്കിലോയോളം കഞ്ചാവുമായാണ് പൊലീസ് പിടികൂടിയത്. ആവശ്യക്കാര്‍ക്ക് നല്‍കുന്നതിനായി കൊണ്ടുപോകുന്നതിനിടയിലാണ് പിടിവീണത്. ഇവരെയും എക്സൈസിന് കൈമാറിയിട്ടുണ്ട്. 36 ലക്ഷം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മുഷീറാബാദില്‍ നിന്നും ഒരാളെയും എക്സൈസ് പിടികൂടിയിട്ടുണ്ട്. വെങ്കിടസ്വാമി ക്ഷേത്ര പരിസരത്ത് നടത്തിയ റെയ്ഡിനിടെയാണ് രാഹുല്‍ സിങെന്ന യുവാവ് ഒരുകിലോയിലേറെ ഹൈബ്രിഡ് ക​‍ഞ്ചാവുമായി പിടിയിലായത്. ഇയാള്‍ക്ക് കഞ്ചാവെത്തിച്ചയാളെ പൊലീസ് തിരയുകയാണ്. 

ENGLISH SUMMARY:

A software engineer named Sashidhar was arrested in Nacharam, Hyderabad, for cultivating cannabis on his home terrace. Having lost his job due to severe drug addiction and spending his entire salary on weed, he resorted to home cultivation when faced with financial difficulties. Police recovered 17 cannabis plants, some growing up to three meters high, weighing around 10 kg in total. In separate incidents, two B.Tech students were caught with half a kilogram of ganja in Medipally, and another individual was arrested in Musheerabad with high-quality hybrid cannabis worth ₹36 lakhs.