Untitled design - 1

ഇരട്ടപ്പെൺകുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവിന്‍റെ ക്രൂരത. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.  ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് ശശി രഞ്ജൻ മിശ്രയെന്ന യുവാവിനെ സംഭവസ്ഥലത്തുനിന്ന് തന്നെ പിടികൂടുകയായിരുന്നു. മക്കളെ രണ്ട് പേരെയും കൊലപ്പെടുത്തിയ ശേഷം ശശി രഞ്ജൻ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. റിദ്ധി, സിദ്ധി എന്നീ പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. 

കഴുത്തിൽ ആഴത്തിലുള്ള മുറിവുകളേറ്റ നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങൾ. കൊലപാതകങ്ങള്‍ നടക്കുമ്പോൾ പ്രതിയുടെ ഭാര്യ വീട്ടിൽ തന്നെ മറ്റൊരു മുറിയിലായിരുന്നു ഉണ്ടായിരുന്നത്. മുറിയിൽ നിന്ന് കുട്ടികളുടെ കരച്ചില്‍ പോലും പുറത്തുകേൾക്കാത്ത വിധത്തിലാണ് പിതാവ് കൊലപാതകം നടത്തിയത്. പ്രതി ഭാര്യ രേഷ്മ, പെൺമക്കളായ റിദ്ധി, സിദ്ധി, ആറ് വയസ്സുള്ള മകൻ എന്നിവരോടൊപ്പമാണ് താമസിച്ചിരുന്നത്. 

സംഭവത്തിന് ശേഷം, കുട്ടികളുടെ അമ്മ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തി. ഇവർ 2014ൽ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാൽ വിവാഹശേഷം സംശയരോഗിയായി മാറിയ ഭര്‍ത്താവ് തന്നെ നിരീക്ഷിക്കാനായി കിടപ്പുമുറിയിലുള്‍പ്പടെ  സിസിടിവി സ്ഥാപിച്ചിരുന്നുവെന്നാണ് ഭാര്യ പൊലീസിനോട് വെളിപ്പെടുത്തിയത്. 

സ്വന്തം വീട്ടിലേക്ക് പോകാൻ ശ്രമിക്കുമ്പോഴെല്ലാം ഭാര്യയെ ഇയാൾ ക്രൂരമായി മർദ്ദിച്ചിരുന്നു. മകനെ കൊണ്ടുപോയ്‌ക്കൊള്ളാന്‍ പറയുമ്പോഴും പെൺകുട്ടികളെ വിട്ടുതരില്ലെന്ന് ഇയാൾ വാശിപിടിച്ചിരുന്നതായി ഭാര്യ പറയുന്നു. സംഭവ ദിവസം രാത്രിയിൽ എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. തുടർന്ന് പെൺകുട്ടികളെയും കൂട്ടി ഭർത്താവ് തന്റെ കിടപ്പുമുറിയിലേക്ക് പോവുകയായിരുന്നുവെന്ന് ഭാര്യ പറയുന്നു. 

മുറിയിലെ സിസിടിവി ദൃശ്യങ്ങൾ താൻ മോണിറ്ററിലൂടെ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും ഭാര്യ പൊലീസിനോട് വ്യക്തമാക്കി. കുറേ നേരംഫോണിൽ സംസാരിച്ച ശേഷം അയാൾ പുലർച്ചെ 2.30ഓടെ ഒരു മകളെ ടോയിലറ്റിൽ കൊണ്ടുപോയി തിരികെ വന്നു. അതിനുശേഷം അയാൾ മുറിയിലെ ലൈറ്റുകൾ അണച്ചു. 

ശബ്ദമൊന്നും കേൾക്കാത്തതിനാൽ മക്കളും ഭര്‍ത്താവും ഉറങ്ങിയെന്നാണ് കരുതിയത്. ഭാര്യ പറയുന്നു. എന്തിനാണ് സ്വന്തം പിതാവ് തന്നെ മക്കളെ ഇത്തരത്തിൽ കൊലപ്പെടുത്തിയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. 

ENGLISH SUMMARY:

A father in Kanpur, Uttar Pradesh, brutally murdered his twin daughters, Riddhi and Siddhi, by slitting their throats. The motive behind this horrific act remains unclear, and the father himself reported the crime to the police.