പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

യുവതിയെ ഭർതൃവീട്ടുകാർ പത്തുമാസത്തോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് മനുഷ്യമനസാക്ഷിയെ പോലും നടുക്കുന്ന ക്രൂരകൃത്യം നടന്നത്. വല്ലപ്പോഴും യുവതിക്ക് കഴിക്കാനായി നല്‍കിയിരുന്നത് പച്ചരിയും മുളകും ഉളളിയും മാത്രമായിരുന്നെന്നും യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ യുവതിയെ മാരകമായി മര്‍ദിച്ചിരുന്നെന്നും സ്വകാര്യഭാഗങ്ങളില്‍  പരുക്കേല്‍പ്പിച്ചിരുന്നെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

മകളെ കാണാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിക്കാറില്ലായിരുന്നെന്നും ഫോണില്‍ വിളിച്ചാല്‍ മകള്‍ ഉറങ്ങുകയാണെന്നോ കുളിക്കുകയാണെന്നോ പറഞ്ഞ് ഒഴിവാക്കുമായിരുന്നെന്നും യുവതിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. 'മകളെ പത്തുമാസക്കാലം മുറിയിലും ശുചിമുറിയിലുമായിട്ടാണ് ഭര്‍തൃവീട്ടുകാര്‍ പൂട്ടിയിട്ടിരുന്നത്. കഴിക്കാന്‍ വല്ലപ്പോഴും മാത്രം പച്ചരിയും ഉളളിയും മുളകും നല്‍കി. പൈപ്പ് കൊണ്ടും, ഇരുമ്പ് വടികൊണ്ടുമെല്ലാം ശരീരമാസകലം മാരകമായി മര്‍ദിച്ചു. സ്വകാര്യഭാഗത്ത് പോലും കുപ്പികൊണ്ടും വടികൊണ്ടും അടിച്ചുപരുക്കേല്‍പ്പിച്ചു. മുടിയെല്ലാം വലിച്ച് പറിച്ചെടുത്തു. മകളുടെ മാനസികനില പോലും താളം തെറ്റിയ അവസ്ഥയിലാണെന്നും' യുവതിയുടെ പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

രണ്ടു വർഷം മുൻപാണ് ബഹുഗുണ എന്ന യുവതിയെ രാഹുല്‍ വിവാഹം കഴിച്ചത്. 2025 ഫെബ്രുവരിയിൽ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഭർത്താവ് ഡൽഹിയിൽ ജോലി ചെയ്യുന്നതിനാൽ യുവതി ഭർതൃവീട്ടുകാർക്കൊപ്പമാണ് ഡെറാഡൂണിൽ താമസിച്ചിരുന്നത്. ഭർത്താവ് രാഹുല്‍ നാട്ടില്‍ എത്തുമ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം നിന്ന് യുവതിയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ചികില്‍സ പോലും നിഷേധിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. യുവതിയെ മാതാപിതാക്കൾ കാണാനെത്തിയപ്പോൾ ഭർതൃവീട്ടുകാർ അകത്തേക്ക് കയറ്റാൻ അനുവദിച്ചില്ല. ഇതോടെയാണ് ബഹുഗുണ അനുഭവിച്ച ക്രൂരകൃത്യം പുറംലോകം അറിയുന്നത്. ബഹുഗുണയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഭര്‍ത്താവ് രാഹുലിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തു. 

ENGLISH SUMMARY:

A young woman was allegedly brutally tortured and confined for ten months by her in-laws in Dehradun, Uttarkhand. Her father's complaint details severe physical abuse, including injuries to private parts and being fed only rice, chilies, and garlic, highlighting the harrowing ordeal she endured.