അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നൊരു പഴഞ്ചൊല്ലുണ്ട്. കോഴിക്കോട് കടലുണ്ടിയില്‍ ട്രെയിനിനുനേരെ കല്ലെറിഞ്ഞ കേസില്‍ പിടിയിലായ പ്രതിയുടെ മൊഴി കേള്‍ക്കുമ്പോള്‍ ആദ്യം തോന്നുന്നതും അതാണ്. ഐ പി എല്ലില്‍ ഇഷ്ട ടീം തോറ്റതിന്‍റെ വിഷമത്തില്‍ ട്രെയിനുനേരെ മണ്ണൂർ വടക്കുംമ്പാട് സ്വദേശി കൃഷ്ണകുമാര്‍ കല്ലെറിഞ്ഞപ്പോള്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനിക്ക് ഗുരുതരപരുക്കാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
മാര്‍ച്ച് 30. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ആദ്യ മത്സരം. എതിരാളികള്‍ രാജസ്ഥാന്‍ റോയല്‍സ്. എട്ട് വിക്കറ്റില്‍ രാജസ്ഥാന്‍ ജയിച്ചു. ഇഷ്ടപ്പെട്ട ടീമിന്‍റെ തോല്‍വിയില്‍ അരിശം പൂണ്ട യുവാവ് നേരെ പോയത് വീടിന് സമീപത്തെ റെയില്‍പാളത്തിലേക്ക്. പിന്നെ അതുവഴി വന്ന ട്രെയിനുകള്‍ക്ക് നേരെ തുരുതുരെ കല്ലെറിഞ്ഞു. എന്നിട്ടും അരിശം തീരാതെ പലയിടങ്ങളിലായി കറങ്ങിനടന്നു. പിറ്റേന്ന് ബേപ്പൂരിൽ ബാരൽ കച്ചവട കേന്ദ്രത്തിലെത്തി ഒന്നുമറിയാത്ത പോലെ ജോലി തുടര്‍ന്നു.
ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനും വന്ദേഭാരതിനും നേരെയാണ് കല്ലേറുണ്ടായത്. പ്രദേശത്ത് സിസിടിവി ഇല്ല. രാത്രിയായതിനാല്‍ എറിഞ്ഞതാരെന്ന് കണ്ടതുമില്ല. റെയിൽവെ പൊലീസ് മേധാവി മുഹമ്മദ് നജുമുദീൻ സംഭവ സ്ഥലം സന്ദർശിച്ചിട്ടും കാര്യമായ തെളിവൊന്നും കണ്ടെത്താനായില്ല. പക്ഷെ അന്വേഷണസംഘം പിന്‍മാറിയില്ല. വന്ദേഭാരത് ട്രെയിനിലെ ഡിജിറ്റൽ നെറ്റ്‌വർക്ക് സംവിധാനം ഉപയോഗിച്ച് കല്ലെറിഞ്ഞ ലൊക്കേഷൻ കണ്ടെത്തി. ശേഷം ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ നോക്കി ആ സമയം സ്ഥലത്ത് ഉണ്ടായിരുന്ന മൂന്ന് പേരിലേക്ക് എത്തി.
ഇവരില്‍ നിന്നാണ് കല്ലെറിയുന്ന സ്വഭാവമുള്ള കൃഷ്ണകുമാറിനെ കണ്ടെത്തുന്നത്. കൂടാതെ വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയതിന് 10 മാസം ജയിൽവാസം അനുഭവിച്ച ആള്‍ കൂടിയാണ് കൃഷ്ണകുമാര്‍. തിങ്കളാഴ്ച വൈകിട്ട് വടക്കുമ്പാട് നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നെ സമ്മതിച്ചു. മൂങ്ങയെ കല്ലെറിഞ്ഞപ്പോള്‍ ട്രെയിനില്‍ കൊണ്ടതാണെന്നാണ് രക്ഷപെടാന്‍ പറഞ്ഞ മറ്റൊരു കാര്യം.
പാചകവാതക പ്രതിസന്ധിയെ തുടര്‍ന്നാണ് ആലുവ യുസി കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയായ ഐശ്വര്യ രാമകൃഷണന്‍ ഹോസ്റ്റലില്‍ നില്‍ക്കാതെ കോഴിക്കോട്ടേക്ക് ട്രെയിന്‍കയറിയത്. രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് വീട്ടിലിരുന്ന് പഠിക്കുകയും ചെയ്യാം. പക്ഷെ ട്രെയിനിന്‍റെ ജനലരികിലിരിക്കുകയായിരുന്നു ഐശ്വര്യയുടെ താടിക്കാണ് കൃഷ്ണകുമാര്‍ എറിഞ്ഞകല്ലു കൊണ്ടത്. താടിയെല്ല് പൊട്ടി, പല്ലും നഷ്ടമായി. അടിയന്തരമായി പ്ലാസ്റ്റിക് സര്‍ജറി ചെയ്ത ഐശ്വര്യ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.
രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാനാവില്ല. ആഹാരം ദ്രവരൂപത്തിലാക്കിയാണ് കഴിക്കുന്നത്. കടുത്ത ശിക്ഷ നല്‍കിയാലേ ട്രെയിനുനേരെയുള്ള കല്ലേറിന് ശമനം ഉണ്ടാകുവെന്ന് ഐശ്വര്യയുടെ പിതാവ് രാമകൃഷ്ണന്‍ പറയുന്നു. ചികില്‍സയ്ക്കായി നല്ലൊരു തുക ചെലവായി. റെയില്‍വെയുടെ ഭാഗത്ത് നിന്ന് അടിയന്തര സഹായമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം.