visakhapatnam-cricket-murder

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ക്രിക്കറ്റ് മല്‍സരത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. റണ്ണൗട്ട് തീരുമാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് അമ്പയറായി നിന്ന യുവാവിനെ കുത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. 21 കാരനായ ഡോള അജിത് ബാബുവാണ് കൊല്ലപ്പെട്ടത്.

ഡോള അജിത് ബാബുവും സുഹൃത്ത് ബുഡുമുരി ചിരഞ്ജീവിയും ചേർന്നാണ് മല്‍സരം നിയന്ത്രിച്ചിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കളിക്കിടെ റൺ ഔട്ടിനെച്ചൊല്ലി കളിക്കാർ തമ്മിൽ തർക്കമുണ്ടായി. അജിത് ബാബുവും ചിരഞ്ജീവിയും ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും കാണികളിലൊരാളായ കാന്ത കിഷോർ (26) പ്രകോപിതനാകുകയും അമ്പയർമാരെയും കളിക്കാരെയും അസഭ്യം പറയുകയും ചെയ്തു.

മല്‍സംരം അവസാനിച്ചതിനുശേഷം, അജിത് ബാബുവും ചിരഞ്ജീവിയും കുറച്ച് സുഹൃത്തുക്കളും അടുത്തുള്ള മറ്റൊരു പ്രദേശത്തേക്ക് പോയി. അവർ സ്ഥലത്തെത്തിയ ഉടനെ മറ്റൊരു തർക്കം പൊട്ടിപ്പുറപ്പെട്ടു. ഈ സമയം കൂട്ടത്തിലുണ്ടായിരുന്ന കിഷോർ പെട്ടെന്ന് കയ്യിലുണ്ടായിരുന്ന കത്തി പുറത്തെടുത്ത് രണ്ട് അമ്പയർമാരെ ആക്രമിക്കുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ അജിത് ബാബു സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ചിരഞ്ജീവിക്കും കുത്തേറ്റിട്ടുണ്ട്. തടയാന്‍ ശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റു.

പരിക്കേറ്റവരെ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിക്കുകയും അജിത് ബാബുവിനെ കൂടുതൽ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തില്‍ അജിത് ബാബുവിന്റെ പിതാവ് ദോല അപ്പല രാജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിഷോറിനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ തിരച്ചില്‍ തുടരുകയാണ്. മദ്യലഹരിയിലായിരുന്നു പ്രതിയെന്നും റിപ്പോര്‍ട്ടുണ്ട്.

ENGLISH SUMMARY:

A 21-year-old cricket umpire, Dola Ajith Babu, was fatally stabbed in Visakhapatnam following a heated dispute over a run-out decision during a local match. The incident occurred on Sunday evening when a spectator, identified as Kantha Kishore, allegedly attacked Ajith and his fellow umpire Budumuri Chiranjeevi with a knife. While Ajith succumbed to his injuries at a private hospital, Chiranjeevi is undergoing treatment for stab wounds. Police have registered a murder case against the accused, who was reportedly under the influence of alcohol and is currently absconding.