Image Credit : Twitter/X
നാലുവയസുകാരികളായ ഇരട്ട പെണ്‍കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പിതാവും മുത്തച്ഛനും അടക്കം 3 പേര്‍ പിടിയില്‍. തെലങ്കാനയിലെ കരിംനഗറിലുളള ജൂബിലിനഗര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ആണ്‍കുട്ടി ജനിക്കാത്തതിലെ ദേഷ്യവും പെണ്‍കുട്ടികള്‍ ശാപമാണെന്ന അന്ധവിശ്വാസവുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
28കാരന്‍ ശ്രീശൈലം, പിതാവ് അശോക്, അനുജന്‍ രാകേഷ് എന്നിവരാണ് കൊലപാതക്കേസില്‍ അറസ്റ്റിലായത്. ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ തനിക്ക് ജനിക്കാന്‍ പോകുന്നത് ഇരട്ടപെണ്‍കുട്ടികളാണെന്ന് തിരിച്ചറിഞ്ഞ ശ്രീശൈലം ഭാര്യയെ അബോര്‍ഷന് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഭാര്യ അതിനു തയാറായില്ല. ശ്രീശൈലത്തിന്‍റെ മാതാപിതാക്കളും അനുജനും അടക്കം ഭാര്യ മൗനികയെ അബോര്‍ഷന് നിര്‍ബന്ധിച്ചിരുന്നു.
മൗനിക കുട്ടികളെ പ്രസവിച്ച ശേഷം കുട്ടികളെ കാണാന്‍ ശ്രീശൈലം ആശുപത്രിയിലെത്തിയിരുന്നില്ല. പെണ്‍കുട്ടികള്‍ ഭാരവും ഐശ്വര്യക്കേടുമാണെന്നായിരുന്നു ശ്രീശൈലത്തിന്‍റെയും കുടുംബം വിശ്വാസം. എംകോം ബിരുദധാരിയായ ശ്രീശൈലം തന്‍റെ 2 കോടി മൂല്യമുളള വീടും സ്വത്തും 2 പെണ്‍കുട്ടികളുടെയും കല്യാണത്തിന് വേണ്ടി നഷ്ടപ്പെടുത്തേണ്ടിവരുമെന്ന് സദാസമയവും ആശങ്കപ്പെടുമായിരുന്നു.
ശ്രീശൈലത്തിന്‍റെ മാതാപിതാക്കളും അനുജനും കൂടി ഇതേ ആശങ്ക അറിയിച്ചതോടെ കുട്ടികളെ എങ്ങനെയെങ്കിലും ഇല്ലാതാക്കണം എന്ന തീരുമാനത്തിലെത്തി. കൊലപാതകത്തിന് മൂന്ന് ദിവസം മുന്‍പ് തന്നെ എങ്ങനെ കൊല്ലണം എന്നടക്കം കൃത്യമായ ആസൂത്രണം ശ്രീശൈലവും ബന്ധുക്കളും ചേര്‍ന്ന് നടത്തിയിരുന്നു. ഏപ്രില്‍ 3ന് വൈകുന്നേരും ഭാര്യയോട് മട്ടന്‍ കറി ഉണ്ടാക്കാന്‍ ആവശ്യപ്പെട്ട ശ്രീശൈലം മക്കളെയും കൊണ്ട് താന്‍ കൃഷിയിടത്തേക്ക് പോകുകയാണെന്നും ഉടനേ മടങ്ങിയെത്തുമെന്നും അറിയിച്ചു.
കൃഷിയിടത്ത് നിന്നും അവസാന കര്‍ഷകനും പോയശേഷം ശ്രീശൈലം തന്‍റെ രണ്ടുപെണ്‍മക്കളെയും എടുത്ത് കിണറ്റിന്‍റെ കൈവരിയിലിരുന്നു. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ക്ക് പിന്നിലൂടെ വന്ന് ആദ്യം ഒരു കുട്ടിയെ തളളി കിണറ്റിലേക്ക് ഇട്ടു. വെളളം കുടിച്ച് കുട്ടി മുങ്ങിത്താഴുന്ന് കണ്ട് നിന്ന് ശ്രീശൈലം രണ്ടാമത്തെ കുട്ടിയെയും തളളി കിണറ്റിലേക്കിട്ടു. എന്നാല്‍ ഇത്തവണ ശ്രീശൈലത്തിന് തെറ്റി. കുട്ടി കിണറ്റില്‍ വീണെങ്കിലും മുങ്ങിപ്പോകാതെ അരികില്‍ പിടിച്ച് ജീവനായി കേണു. എന്നാല്‍ ഇങ്ങനെ കിടന്നാല്‍ മകള്‍ മരിക്കില്ല എന്ന് മനസിലാക്കിയ ശ്രീശൈലം പതുക്കെ കിണറ്റിലേക്ക് ഇറങ്ങി കുട്ടിയെ ബലമായി മുക്കിപ്പിടിച്ചു. കുട്ടി മരിച്ചെന്ന് ഉറപ്പിച്ച ശേഷമാണ് ശ്രീശൈലം കിണറ്റില്‍ നിന്ന് പുറത്തെത്തിയത്.
പദ്ധതി എല്ലാം പ്ലാന്‍ ചെയ്ത പ്രകാരം നടപ്പിലാക്കി ശ്രീശൈലം കുട്ടികള്‍ കിണറ്റില്‍ വീണെന്ന് പറഞ്ഞ് ഉറക്കെ നിലവിളിച്ച് കരയാന്‍ തുടങ്ങി. നിലവിളി കേട്ട് കൃഷിയിടത്തേക്ക് ഓടിയെത്തിയ ഭാര്യ മൗനിക കണ്ടത് കിണറ്റില്‍ മരിച്ച് കിടക്കുന്ന മകള്‍ ഗീതന്‍വികയെയാണ്. ഇരട്ടക്കുട്ടികളില്‍ രണ്ടാമത്തെ കുട്ടിയായ ഗീതാംഷിയെ കാണാനില്ലായിരുന്നു. സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ക്ക് പക്ഷേ ശ്രീശൈലത്തിന്‍റെ വാക്കുകളില്‍ സംശയം തോന്നി. അവര്‍ അയാളെ പൊതിരെ തല്ലി പൊലീസില്‍ ഏല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് എത്തുംമുന്‍പ് ശ്രീശൈലം രക്ഷപ്പെട്ടു.
കൊലപാതകം നടത്തിയ വിവരം ശ്രീശൈലം മാതാപിതാക്കളെയും അനുജനെയും വിളിച്ച് അറിയിച്ചതോടെ മൂവരും നാട്ടില്‍ നിന്ന് അകന്ന ബന്ധുവിന്‍റെ വീട്ടിലേക്ക് മാറി. ഇതിനിടയില്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും പൊലീസ് കണ്ടെത്തി. തുടര്‍ന്നുളള അന്വേഷണത്തില്‍ നാലുപേരും ഗോപാല്‍പൂരില്‍ ഉണ്ടെന്ന വിവരം ലഭിച്ച പൊലീസ് ബന്ധുവീട്ടില്‍ നിന്ന് തന്നെ ശ്രീശൈലത്തേയും പിതാവിനെയും അനുജനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.