crime-balussery

മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി തന്റെ മൂന്ന് കുട്ടികളിൽ ഒരാളെ കൊലപ്പെടുത്തി യുവാവ്. നന്ദേഡ് ജില്ലയിലെ കെരൂർ ഗ്രാമത്തിൽ നിന്നുള്ള പാണ്ഡുരംഗ് കോണ്ട്മംഗലെയാണ് തന്റെ ആറു വയസ്സുള്ള മകളെ കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. മൂന്ന് വയസ്സുള്ള ഒരു ആൺകുട്ടിയുടേയും ആറ് വയസ്സുള്ള ഇരട്ട പെൺകുട്ടികളുടെയും പിതാവാണ് പാണ്ഡുരംഗ്. മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് രണ്ട് കുട്ടികളായിരിക്കണം എന്നാണ് മാനദണ്ഡം. തുടര്‍ന്ന് മല്‍സരിക്കാനുള്ള യോഗ്യത നേടാനാണ് ഇരട്ടക്കുട്ടികളില്‍ ഒരാളെ ഇയാള്‍ ഇല്ലാതാക്കിയത്.

യെദപ്പള്ളിയിലെ നിസാം സാഗർ കനാലിൽ നിന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെരൂർ ഗ്രാമത്തിൽ നിന്നുള്ള പ്രാചിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് പ്രാചിയുടെ പിതാവിനെ ചോദ്യം ചെയ്തു. എന്നാല്‍ മകള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നായിരുന്നു അയാള്‍ പൊലീസിനോട് പറഞ്ഞത്. ഒടുവില്‍ തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലില്‍ പാണ്ഡുരംഗ് കുറ്റം സമ്മതിക്കുകയായിരുന്നു.

എന്നാല്‍ കുട്ടിയെ കൊല്ലാനുള്ള കാരണമാണ് എല്ലാവരെയും ഞെട്ടിച്ചത്. ഗ്രാമത്തിൽ ബാർബർ ഷോപ്പ് നടത്തുന്ന പാണ്ഡുരംഗ് വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മല്‍സരിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മൂന്ന് കുട്ടികളുള്ള ഇയാള്‍ക്ക് സ്ഥാനാര്‍ഥിയാകാനുള്ള ഇരട്ട കുട്ടി മാനദണ്ഡം പൂര്‍ത്തീകരിക്കാനായിരുന്നില്ല. തുടര്‍ന്ന് തന്റെ സുഹൃത്തും ഗ്രാമത്തിലെ ഇപ്പോഴത്തെ സർപഞ്ചുമായ ഗണേഷ് ഷിൻഡെയുമായി എങ്ങിനെ ഈ പ്രതിസന്ധി മറികടക്കാമെന്ന് പാണ്ഡുരംഗ് ആലോചിച്ചു. തുടര്‍ന്നാണ് ഇരട്ടകളിൽ മൂത്തവളായ പ്രാചിയെ ഇല്ലാതാക്കാൻ അവർ തീരുമാനിക്കുന്നത്.

പൊലീസ് പറയുന്നതനുസരിച്ച്, പ്രാച്ചിയെ ദത്തെടുത്തതായി ചിത്രീകരിക്കാന്‍ ആയിരുന്നു ആദ്യം ഇരുവരും ആലോചിച്ചത്. പക്ഷേ അപ്പോളും ജനന സർട്ടിഫിക്കറ്റിൽ പിതാവിന്‍റെ സ്ഥാനത്ത് പാണ്ഡുരംഗിന്‍റെ പേര് തന്നെയാണ് ഉണ്ടാകുക. തുടര്‍ന്ന് കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചു, പക്ഷേ പ്രാചി തിരിച്ചുവന്നാൽ ഉണ്ടാകാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് അയാൾ ആശങ്കാകുലനായിരുന്നു. തുടർന്നാണ് കുട്ടിയെ കൊല്ലാനും അതൊരു അപകടമാണെന്ന് വരുത്തിത്തീർക്കാനും ഇരുവരും തീരുമാനിച്ചത്.

തുടര്‍ന്ന് പാണ്ഡുരംഗ് പ്രാചിയെ തന്‍റെ ബൈക്കില്‍ കയറ്റി ഗ്രാമത്തിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രമുള്ള തൊട്ടടുത്തുള്ള ജില്ലയായ നിസാമാബാദിലെ നിസാം സാഗർ കനാലിന് സമീപമെത്തി. പിന്നാലെ കുട്ടിയെ കനാലിലേക്ക് തള്ളിയിട്ട് പാണ്ഡുരംഗ് രക്ഷപ്പെട്ടു. സമീപത്തുള്ള വയലിൽ ജോലി ചെയ്തിരുന്ന ചില ഗ്രാമവാസികൾ വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയിരുന്നെങ്കിലും പ്രാചി മരിച്ചിരുന്നു. ഇവരാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. കേസില്‍ പാണ്ഡുരംഗിനെയും ഗ്രാമത്തിലെ സർപഞ്ച് ഗണേഷ് രാമചന്ദ്ര ഷിൻഡെയെയും അറസ്റ്റ് ചെയ്തയായി പൊലീസ് അറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

In a chilling incident from Nanded district, Maharashtra, a man named Pandurang Kondmangale allegedly murdered his six-year-old daughter to comply with the state's two-child policy for local body elections. Pandurang, who had three children, was ineligible to contest the upcoming Gram Panchayat elections. To bypass this legal hurdle, he conspired with the local Sarpanch, Ganesh Shinde, to eliminate one of his twin daughters, Prachi. After considering adoption and abandonment, Pandurang ultimately pushed the child into the Nizam Sagar canal, attempting to frame it as an accident.