ബി.ജെ.പി എ–ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന പാലക്കാട് മലമ്പുഴയില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്ന് ഒരുമുഴം മുന്നേ ഇറങ്ങി എന്‍.ഡി.എ. സി.കൃഷ്ണകുമാറിന് തന്നെയാണ് ഇക്കുറിയും സാധ്യത. തദ്ദേശ സ്ഥാപനങ്ങളില്‍ സീറ്റ് വര്‍ധിപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി.
മലമ്പുഴയില്‍ കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്തുവന്ന പാര്‍ട്ടിയാണ് ബിജെപി. 2021ല്‍ സി.കൃഷ്ണകുമാറിന് സിപിഎമ്മിന്‍റെ, ഭൂരിപക്ഷം 25,734 എന്ന നമ്പറിലേക്ക് കുറയ്ക്കാനുമായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുന്‍പേ ഇവിടെ എന്‍ഡിഎ ഇറങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് തന്നെ ഇത്രയും നേരത്തെ ഒരു നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് തുറക്കുന്നത് ഒരുപക്ഷേ ആദ്യമായിട്ടായിക്കും. സംസ്ഥാന ഉപാധ്യക്ഷന്‍ സി.കൃഷ്ണകുമാര്‍ തന്നെ മൂന്നാമൂഴത്തിനായി ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഇക്കുറി സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞത് ചെറുതല്ലാത്ത ആത്മവിശ്വാസമാണ് പാര്‍ട്ടിക്ക് നല്‍കുന്നത്. അകത്തേത്തറ പഞ്ചായത്ത് ഭരണം നേടാനും കഴിഞ്ഞു. ഒരിക്കലും ഇളകാത്ത കോട്ടയെന്ന് സിപിഎം കരുതുന്ന മലമ്പുഴ, അട്ടിമറിയിലൂടെ ഇക്കുറി പിടിക്കാമെന്നാണ് കണക്കുകൂട്ടല്‍. മണ്ഡലത്തിന്‍റെ മുഖമായിരുന്ന വി.എസ് അച്യുതാനന്ദന്‍റെ മകന്‍ അരുണ്‍ കുമാറും വി.എസിന്‍റെ മുന്‍ പി.എ, എ.സുരേഷും കളത്തില്‍ എത്തുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഗ്ലാമര്‍ പോരാട്ടത്തിനാണ് ഇവിടെ കളമൊരുങ്ങുന്നത്.