മധ്യപ്രദേശ് രാജ്യസഭ തിരഞ്ഞെടുപ്പില്‍ മീനാക്ഷി നടരാജന്‍റെ നാമനിർദേശപത്രിക തള്ളിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് തടയണമെന്ന് മീനാക്ഷിക്കായി ഹാജരായ അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടു. നാളെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം.
ക്രിമിനല്‍ കേസ് വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെന്ന് കാണിച്ച് റിട്ടേണിങ് ഓഫീസര്‍ മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നതിനാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണെന്നും ഫലം പ്രഖ്യാപിക്കരുതെന്നും മീനാക്ഷിക്കായി ഹാജരായ അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടു.
തുടര്‍ന്നാണ് ഹർജി നാളെ പരിഗണിക്കാൻ തീരുമാനിച്ചത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച്, കോടതി നടപടികൾ ആരംഭിച്ച കേസ് മാത്രമാണ് വെളിപ്പെടുത്തേണ്ടത്. എന്നും മീനാക്ഷിയുടെ കാര്യത്തില്‍ അതില്ല എന്നും സിങ്‍വി വാദിച്ചു. ഇടക്കാല ഉത്തരവിലൂടെ കോടതി ഇടപെടുന്നതിനെ ബിജെപി സ്ഥാനാര്‍ഥിയുടെ അഭിഭാഷകനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകനും എതിര്‍ത്തു. പത്രിക തള്ളിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
നാളെ കോണ്‍ഗ്രസ് ആസ്ഥാനത്ത് മധ്യപ്രദേശ് എംപിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധം ഉയര്‍തതാനാണ് തീരുമാനം. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന നേതൃയോഗത്തില്‍ തെലങ്കാനയുടെ ചുമതലയുള്ള നേതാവെന്ന നില്‍യില്‍ മീനാക്ഷി നടരാജനും പങ്കെടുത്തു. തെലങ്കാനയിലെ തര്‍ക്കമാണ് കേസ് വിവരം പുറത്ത് വരാന്‍ കാരണമെന്നും കേസ് രേഖ ലഭിച്ചത് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുമാണ് എന്നുമാണ് ബിജെപി പ്രതികരണം. നീറ്റ്, CBSE, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയും TMC പിളർപ്പും യോഗത്തില്‍ ചർച്ചയായി. തുടര്‍ സമര പരിപാടികള്‍ ഉടെന്‍ പ്രഖ്യാപിക്കും.