ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ പൊലീസ് സ്റ്റേഷനില്‍ കരഞ്ഞുകൊണ്ട് ഓടിക്കയറിയെത്തിയ യുവാവിന്‍റെ കുറ്റസമ്മതം കേട്ട് ഞെട്ടി പൊലീസ്. മഹാരാജ്പൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ‘സാർ... ഞാൻ എന്‍റെ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. അവളുടെ മൃതദേഹം വീട്ടിലുണ്ട്’ എന്നായിരുന്നു യുവാവിന്‍റെ വെളിപ്പെടുത്തല്‍. കുറ്റസമ്മതം കേട്ട പൊലീസ് അമ്പരന്നു. ഫത്തേപൂർ ജില്ലയിലെ മോഹൻപൂർ ഗ്രാമത്തിൽ നിന്നുള്ള സച്ചിന്‍ സിങാണ് ഭാര്യ ശ്വേതയെ കൊലപ്പെടുത്തിയശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
സച്ചിന്‍റെയും ശ്വേതയുടേതും പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് നാലുമാസം മാത്രമേ ആയിട്ടുള്ളൂ. ഇരുവരുടേയും തമ്മിലുള്ള ബന്ധത്തിന് കുടുംബം എതിരായിരുന്നു. കോടതി വഴി വിവാഹം കഴിച്ച ദമ്പതികൾ ആദ്യം സൂറത്തിലേക്ക് താമസം മാറുകയും പിന്നീട് ഒരു മാസത്തിനുശേഷം, കാൺപൂരില്‍ ഒരു മുറി വാടകയ്‌ക്കെടുത്ത് താമസം ആരംഭിക്കുകയുമായിരുന്നു. സച്ചിന്‍ ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ശ്വേതയെ കുറിച്ചുള്ള സച്ചിന്‍റെ സംശയങ്ങളാണ് ബന്ധം വഷളാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ചോദ്യം ചെയ്യലിൽ, ശ്വേതയുടെ സ്വഭാവത്തിൽ തനിക്ക് സംശയം തോന്നിയിരുന്നതായി സച്ചിൻ വെളിപ്പെടുത്തി. ശ്വേതയുടെ അക്കൗണ്ടിലേക്ക് സ്ഥിരമായി പണം എത്തുന്നത് കണ്ടെത്തിയ സച്ചിന്‍ അത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മുത്തശ്ശിയാണ് തന്‍റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നത് എന്നായിരുന്നു മറുപടി. മാത്രമല്ല ഇവരുടെ താമസ സ്ഥലത്തിന് സമീപമുള്ള കോളജ് വിദ്യാര്‍ഥികളോട് ശ്വേത സംസാരിക്കുന്നതും സച്ചിന് ഇഷ്ടമല്ലായിരുന്നു. തുടര്‍ന്ന് ഭാര്യയുടെ കയ്യോടെ പിടികൂടാന്‍ സച്ചിന്‍ ഒരു പദ്ധതി തയ്യാറാക്കി.
വെള്ളിയാഴ്ച, ഭാര്യയെ വിളിച്ച്, താന്‍ സുഹൃത്തുക്കളോടൊപ്പം ഒരു പാർട്ടിയിലാണെന്നും രാത്രി വീട്ടിൽ വരില്ലെന്നും സച്ചിന്‍ കള്ളം പറഞ്ഞു. ശേഷം രാത്രി വീട്ടിലെത്തിയപ്പോള്‍ അവിടെ അയല്‍പ്പക്കത്തെ രണ്ട് യുവാക്കള്‍ക്കൊപ്പം ഭാര്യയെ കണ്ടെന്നാണ് സച്ചിനെ പ്രകോപ്പിപ്പിച്ചത്. പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. അയല്‍വാസികളാണ് പൊലീസ് ഹെല്‍പ് ലൈനില്‍ വിവരം അറിയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി എല്ലാവരെയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
വീട്ടിലെത്തിയ യുവാക്കളുമായി സംസാരിക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് ശ്വേത പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഉദ്യോഗസ്ഥർ ദമ്പതികൾക്ക് കൗൺസിലിങ് നൽകി വീട്ടിലേക്ക് അയച്ചു. എന്നാല്‍ വീട്ടിൽ തിരിച്ചെത്തിയപ്പോൾ തർക്കം കൂടുതൽ രൂക്ഷമായി. ശ്വേത തന്നെ ഭീഷണിപ്പെടുത്തിയതായും, തന്നെ കൊന്നാലും അവരോടൊപ്പം പോകുമെന്ന് അറിയിച്ചെന്നും സച്ചിന്‍ പറഞ്ഞു ഇതില്‍ പ്രകോപിതനാ താന്‍ ശ്വേതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തയെന്നാണ് സച്ചിന്‍റെ മൊഴി.
കൊലപാതകത്തിന് ശേഷം സച്ചിൻ നാല് മണിക്കൂർ നഗരത്തിൽ അലഞ്ഞുനടന്നു. ഒളിച്ചോടാൻ ആലോചിച്ചെങ്കിലും പിന്നീട് കീഴടങ്ങുകയായിരുന്നു. ‘ഞങ്ങൾ ഒളിച്ചോടി വിവാഹം കഴിച്ചതാണ്. അവൾക്കും ആരുമില്ല എനിക്കും ആരുമില്ല. അങ്ങനെ ഞാൻ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു’ സച്ചിന്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് ഉടന്‍ തന്നെ സച്ചിനുമായി സ്ഥലത്തെത്തി ശ്വേതയുടെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. പുതപ്പുകൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.