ഹിമാചൽ പ്രദേശില്‍ ക്യാമ്പസിനുള്ളിൽ ലൈംഗികാതിക്രമത്തിനും റാഗിങിനും ഇരയായ പെൺകുട്ടി മരിച്ചു. ധർമ്മശാലയിലെ ഗവൺമെന്റ് ഡിഗ്രി കോളജിലെ രണ്ടാം വർഷ വിദ്യാര്‍ഥിയായിരുന്ന 19 കാരിയാണ് ചികില്‍സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ മൂന്ന് വിദ്യാർഥിനികൾക്കും കോളജിലെ പ്രൊഫസറിനുമെതിരെ റാഗിങ്, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയതായി പൊലീസ് അറിയിച്ചു.
മരിക്കുന്നതിന് മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിശദീകരിക്കുന്ന ഒരു വിഡിയോയും പെണ്‍കുട്ടി മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍, സെപ്റ്റംബർ 18 ന് ഹർഷിത, അകൃതി, കൊമോളിക എന്നീ മൂന്ന് വിദ്യാർഥിനികൾ തന്റെ മകളെ ക്രൂരമായി റാഗ് ചെയ്യുകയും പുറത്തുപറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്. റാഗിങ് മാത്രമല്ല, കോളജിലെ പ്രൊഫസര്‍ പെണ്‍കുട്ടിയെ മാനസികവും ലൈംഗികവുമായി പീഡിപ്പിച്ചിരുന്നതായും പരാതിയിലുണ്ട്.
മർദ്ദനത്തെയും പീഡനത്തെയും തുടർന്ന് ഒന്നിലധികം ആശുപത്രികളിൽ പെൺകുട്ടിയുമായി കുടുംബം ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലേക്ക് (ഡിഎംസി) മാറ്റിയതായിരുന്നു. ഡിഎംസിയില്‍ ചികിത്സയിലിരിക്കെ ഡിസംബർ 26നാണ് പെണ്‍കുട്ടിയുടെ മരണം. ഡിസംബർ 20 ന് പൊലീസിലും മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിലും പരാതി നൽകിയെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നുണ്ട്.
കേസില്‍ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), റാഗിങ് നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. ഡിസംബർ 20 ന് നൽകിയ പരാതിയിൽ റാഗിങ് മാത്രമേ പരാമർശിച്ചിട്ടുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, പ്രൊഫസറിനെതിരായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ അന്വേഷണം വിപുലീകരിച്ചിതായി പൊലീസ് പറഞ്ഞു.