Image Credit: x/mangaloretoday
ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് മോഷ്ടിച്ച് കടത്തിയ സംഭവത്തില്‍ 22കാരന്‍ പിടിയില്‍. ഉഡുപ്പി കര്‍കല സ്വദേശിയായ ഷോഡനെയാണ് ഹാസനില്‍ നിന്നും പൊലീസ് പിടികൂടിയത്. ആംബുലന്‍സ് മോഷ്ടിച്ചതിന് പിന്നാലെ ഷോഡന്‍ അതുമായി നാടുവിടുകയായിരുന്നു.
ആംബുലന്‍സ് ഡ്രൈവറായ സുരേഷിന്‍റെ പരാതിയിലാണ് അറസ്റ്റ്. ഗുണ്ഡ്യ ചെക്ക് പോസ്റ്റിനടുത്താണ് സുരേഷ് പതിവായി ആംബുലന്‍സ് പാര്‍ക്ക് ചെയ്യാറുള്ളത്. ഡിസംബര്‍ 19ന് പതിവുപോലെ ചെക്ക് പോസ്റ്റിന് സമീപത്ത് സുരേഷ് ആംബുലന്‍സ് പാര്‍ക്ക് ചെയ്തു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ താനല്ലെങ്കില്‍ പകരമുള്ള ഡ്രൈവര്‍ക്ക് സൗകര്യത്തിനായി ആംബുലന്‍സില്‍ തന്നെ താക്കോലും വച്ചു.
പിറ്റേന്ന് രാവിലെ വീട്ടില്‍ നിന്ന് വന്ന് നോക്കുമ്പോള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് ആംബുലന്‍സ് കണ്ടില്ല. പകരമുള്ള ഡ്രൈവറെ വിളിച്ചപ്പോള്‍ അദ്ദേഹം എടുത്തിട്ടില്ലെന്ന് പറഞ്ഞു. ഇതോടെയാണ് മോഷണം പോയെന്ന് സംശയം തോന്നിയത്. പൊലീസില്‍ പരാതിയും നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആംബുലന്‍സ് കള്ളനെ കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഹാസനില്‍ നിന്നും ആംബുലന്‍സും കണ്ടെടുത്തു.