ബവ്റിജസ് ഔട്ട്ലെറ്റിൽ നിന്ന് കുപ്പിക്ക് പതിനായിരങ്ങൾ വിലയുള്ള മദ്യക്കുപ്പികൾ മോഷ്ടിച്ച യുവാവ് വലയിൽ. മലപ്പുറം നിലമ്പൂർ ബവ്റിജസ് സൂപ്പർ മാർക്കറ്റിൽ നിന്ന് മോഷ്ടിച്ച നമ്പൂരിപ്പൊട്ടി സ്വദേശി വലിയാട്ട് മുഹമ്മദ് ഷെഹിനാണ് അറസ്റ്റിലായത്. ഉപഭോക്താക്കൾക്ക് സ്വയം മദ്യം തിരെഞ്ഞെടുക്കാൻ കഴിയുന്ന വില കൂടിയ മദ്യകുപ്പികൾ വിൽക്കുന്ന പ്രീമിയർ കൗണ്ടറിലാണ് മോഷണം നടന്നത്. 20 വയസുകാരനായ മുഹമ്മദ് ഷെഹിനും സുഹൃത്തും ഷോപ്പിൽ പ്രവേശിച്ച് ഒരാൾ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും രണ്ടാമത്തെയാൾ മദ്യകുപ്പികൾ പ്രത്യേക അറകളുള്ള പാൻ്റ്സിൽ ഒളിപ്പിച്ച് കടത്തുകയുമായിരുന്നു.
സ്‌റ്റോക്ക് പരിശോധിച്ച സമയത്ത് 11630 രൂപ വില വരുന്ന 3 മദ്യകുപ്പികൾ മോഷണം പോയതായി ജീവനക്കാരുടെ ശ്രദ്ധയിൽ പ്പെട്ടു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ 2 പേർ മദ്യം മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഷെഹിൻ ഇന്നലെ വൈകുന്നേരം മദ്യം വാങ്ങാൻ വന്നപ്പോൾ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്നു പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്തതിൽ കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നതിനു വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതി പറഞ്ഞു.
നമ്പൂരിപ്പൊട്ടി കാഞ്ഞിരപ്പുഴയോരത്ത് പ്രതിയുമായി തെളിവെടുപ്പു നടത്തി ഉപേക്ഷിച്ച മദ്യകുപ്പി കണ്ടെടുത്തു. ബെവ്കോയുടെ മറ്റു ഷോപ്പുകളിലും പ്രതികൾ മോഷണം നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഒട്ടുപാൽ മോഷണം നടത്തിയതിന് പ്രതിക്കെതിരെ പോത്തുകല്ല് പൊലീസ് സ്റ്റേഷനിൽ കേസ്സ് നിലവിലുണ്ട്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.