ഉത്തര്‍പ്രദേശില്‍ 14 വയസുകാരിയെ സുഹൃത്തും സുഹൃത്തിന്‍റെ പിതാവും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്ന് 12 ദിവസം തടവില്‍ വച്ച് കൂട്ടബലാല്‍സംഗം ചെയ്തു. ഹാപൂരിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ സുഹൃത്തും ഇയാളുടെ അച്ഛനും ഒളിവിലാണ്.
നവംബർ 13 നാണ് സുഹൃത്ത് ക്ഷണിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഇയാളുടെ വീട്ടിലെത്തുന്നത്. സുഹൃത്ത് നല്‍കിയ ശീതളപാനീയം കുടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലാകുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലാത്തതിനെ തുടര്‍ന്ന് പിറ്റേന്ന് (നവംബർ 14) കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. 12 ദിവസങ്ങള്‍ക്ക് ശേഷം നവംബർ 25 ന് പ്രതികളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോട് പീഡനവിവരം തുറന്നുപറഞ്ഞതോടെയാണ് ക്രൂരകൃത്യം പുറംലോകമറിയുന്നത്.
പെണ്‍കുട്ടിക്ക് കുടിക്കാന്‍ നല്‍കിയ പാനീയത്തില്‍ സുഹൃത്ത് ഉറക്ക ഗുളികകൾ ചേർക്കുകയായിരുന്നുവെന്നും കുട്ടി തുടർച്ചയായി പീഡിപ്പിക്കപ്പെടുകയും ചെയ്തതായി പൊലീസ് പറയുന്നു. സംഭവത്തില്‍ ബിഎൻഎസ് സെക്ഷൻ 70 (2) (കൂട്ടബലാത്സംഗം), 127 (തടങ്കലിൽ വയ്ക്കൽ), 123 (വിഷം നൽകി ആക്രമിക്കുക), 137 (തട്ടിക്കൊണ്ടുപോകൽ), പോക്സോ നിയമത്തിലെ 5/6 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
വൃക്കരോഗ ബാധിതനാണ് പെണ്‍കുട്ടിയുടെ പിതാവ്. സമീപത്തെ വീടുകളില്‍ ജോലി ചെയ്താണ് പെണ്‍കുട്ടിയുടെ അമ്മ ഉപജീവനം നടത്തുന്നത്.