മുംബൈയില്‍ 51 കാരിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി നഗ്നയാക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്തതായി പരാതി. ഫ്രാങ്കോ- ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസിന്റെ മാനേജിങ് ഡയറക്ടറും സ്ഥാപക അംഗവുമായ ജോയ് ജോൺ പാസ്കൽ പോസ്റ്റിനെതിരെയാണ് മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. സംഭവം പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
പരാതിയില്‍ പറയുന്നത് പ്രകാരം 51 കാരിയായ ബിസിനസുകാരിയെ ജോയ് ജോൺ പാസ്കൽ ഒരു മീറ്റിങിനായി ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസിന്റെ (എഫ്ഐപിപിഎൽ) ഓഫീസിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന ഇവരെ പീഡിപ്പിക്കുകയും തോക്കിൻമുനയിൽ നിർത്തി വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. പ്രതി 51 കാരിയെ അസഭ്യം പറയുകയും നഗ്ന വിഡിയോകളും ഫോട്ടോകളും ചിത്രീകരിക്കുകയും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ മുംബൈ പൊലീസില്‍ 51കാരി പരാതി നല്‍കുകയും പിന്നാലെ ജോയ് ജോൺ പാസ്കലിനും അഞ്ച് പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനം, ആക്രമണം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.