dating-fraud

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ. ഡിണ്ടിഗൽ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകൻ ധനുഷ് (27) ആണ് പിടിയിലായത്. ഡേറ്റിങ് ആപ്പിലെ വ്യാജ പ്രൊഫൈലുകളിലൂടെയാണ് യുവാവ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പൊള്ളാച്ചി ജ്യോതിനഗർ സ്വദേശിയും റെയ്സ് കോഴ്സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25 വയസ്സുകാരിയുടെ ആഭരണങ്ങളാണു കവർന്നത്.

ഡേറ്റിങ് ആപ്പില്‍ തരുണ്‍ എന്ന വ്യാജ പേരാണ് ധനുഷ് നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതിയിലും തരുണ്‍ എന്നയാള്‍ തട്ടിപ്പിനിരയാക്കി എന്നാണ് പറയുന്നത്. നേരില്‍ കാണണമെന്ന് തരുണ്‍ എന്ന ധനുഷ് തന്നെയാണ് യുവതിയോട് ആവശ്യപ്പെട്ടത്. തുടർന്ന് നവംബർ 2 ന് വൈകിട്ട് 7 മണിയോടെ ധനുഷ് തന്‍റെ കാറുമായി വന്ന് യുവതിയെ ഹോസ്റ്റലില്‍ നിന്നും പിക് ചെയ്തു. ശേഷം തമിഴ്നാട്- കേരള അതിർത്തിക്കടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തെത്തിക്കുകയായിരുന്നു. ധനുഷിന്‍റെ സുഹൃത്തും ഇവിടെയെത്തിയിരുന്നു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ ഭീഷണിപ്പെടുത്തി 3 പവൻ ആഭരണങ്ങൾ കവർന്നു. , ഒരു പവൻ സ്വർണ്ണ മാല, ഒരു പവൻ സ്വർണ്ണ മോതിരം, ഒരു പവൻ ബ്രേസ്‌ലെറ്റ് എന്നിവയാണ് തട്ടിയെടുത്തത്. യുപിഐ പേയ്‌മെന്റ് വഴി 90,000 രൂപയും ഭീഷണിപ്പെടുത്തി ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയായിരുന്നു. തുടർന്ന് അവിനാശിയിലെ ഒരു സ്റ്റാർ ഹോട്ടലിന് സമീപം യുവതിയെ ഇറക്കിവിടുകയായിരുന്നു. രാത്രി 11നു ശേഷം ഹോസ്റ്റലിൽ പ്രവേശിക്കാനാവില്ലെന്ന് യുവതി പറഞ്ഞതോടെയാണ് ഹോട്ടലിന് സമീപം ഇറക്കിവിട്ടത്. തുടര്‍ന്ന് യുവതി സഹോദരിയെ ഫോണിൽ വിളിക്കുകയും ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.

യുവതിയുടേയും ധനുഷിന്‍റെയും കോൾ വിവരങ്ങളും ആപ്പിലെ പേരും വച്ചു നടത്തിയ അന്വേഷണത്തിലാണു ധനുഷിനെ കണ്ടെത്തിയത്. ധനുഷിനെ അറസ്റ്റ് ചെയ്യുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോയമ്പത്തൂർ ഈച്ചനാരിയിൽ ഹോട്ടൽ ബിസിനസ് നടത്തുകയായിരുന്ന ധനുഷ് വരുമാനം കുറഞ്ഞതിനെത്തുടർന്നാണു വിവാഹിതരായ യുവതികളെ അടക്കം ഡേറ്റിങ് ആപ്പ് വഴി ബന്ധപ്പെട്ടു പണവും ആഭരണവും കൈക്കലാക്കാൻ തുടങ്ങിയതെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ ധനുഷിനെ സഹായിച്ച സുഹൃത്തിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

ENGLISH SUMMARY:

Dhanush (27), son of Dindigul DSP Thangapandi, has been arrested for robbing a 25-year-old woman he met via a dating app using the fake name "Tarun." He allegedly picked her up in his car and, along with a friend, took her to an isolated spot near the Tamil Nadu-Kerala border, where they threatened her and stole 3 sovereigns of gold jewelry and forced her to transfer ₹90,000 via UPI. Dhanush, a hotelier whose business failed, used dating apps to target women for money. Police are now searching for his accomplice.