Image Credit:X/theapril
മുത്തശ്ശിക്കൊപ്പം കിടന്നുറങ്ങിയ നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. കൊല്‍ക്കത്തയിലെ ഹൂഗ്ലിക്കടുത്താണ് നടുക്കുന്ന സംഭവമുണ്ടായത്. നാടോടികളായ ബന്‍ജാര വിഭാഗത്തില്‍പ്പെടുന്ന കുട്ടി കുടുംബത്തിനൊപ്പം താരകേശ്വര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഷെഡില്‍ കിടന്നുറങ്ങവേയാണ് ക്രൂരതയ്ക്കിരയായത്. ഗുരുതരാവസ്ഥയിലുള്ള കുട്ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
കൊതുകുവല മുറിച്ച് അതിനുള്ളില്‍ നിന്നാണ് അക്രമി കുഞ്ഞിനെ എടുത്തുകൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ശനിയാഴ്ച ഉച്ചയോടെ താരകേശ്വര്‍ റെയില്‍വേ സ്റ്റേഷനിലെ ഓടയ്ക്കടുത്ത് നിന്നാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്.
പുലര്‍ച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതെന്നാണ് മുത്തശ്ശി പറയുന്നത്. കണ്ടെത്തുമ്പോള്‍ കുഞ്ഞ് നഗ്നയായിരുന്നു. താരകേശ്വര്‍ ഗ്രാമിണ്‍ ആശുപത്രിയിലാണ് കുഞ്ഞ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. സംഭവത്തില്‍ പോക്സോ ഉള്‍പ്പടെയുള്ളവ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
മമത ബാനര്‍ജി സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് കാരണമെന്നാണ് സുവേന്ദു അധികാരിയുടെ വിമര്‍ശനം. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.