AI Image

ചോക്കലേറ്റ് നല്‍കാമെന്ന് പറഞ്ഞ് അയല്‍വാസി കൂട്ടിക്കൊണ്ടുപോയ നാലുവയസുകാരിയെ ക്രൂരപീഡനത്തിന് ശേഷം മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പന്ത്രണ്ടും പത്തും വയസുള്ള സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്  വൈകുന്നേരം ആറുമണിയോടെ അയല്‍ക്കാരനെത്തി ചോക്കലേറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയത്. 

കുട്ടിയുടെ പിതാവ് ഒരു മണിക്കൂറിന് ശേഷം ജോലി സ്ഥലത്ത് നിന്നും മടങ്ങിയെത്തിയപ്പോള്‍ മകളെ കണ്ടില്ല. തുടര്‍ന്ന് അയല്‍വാസിയുടെ വീട്ടിലെത്തിയപ്പോള്‍ അയാളെയും വീട്ടില്‍ കണ്ടില്ല. അടുത്തുള്ള കടകളില്‍ മകളെ അന്വേഷിച്ചെത്തിയപ്പോള്‍ അവിടെ ചെന്നിട്ടില്ലെന്ന് അവരും  പറഞ്ഞു. ഭയപ്പാടിലായ പിതാവ് നാട്ടുകാരുമായി പരിസരം മുഴുവന്‍ അരിച്ചുപെറുക്കി. രാത്രി എട്ടേമുക്കാലോടെ അയല്‍വാസിയെ ആളൊഴിഞ്ഞ വയലില്‍ കണ്ടെത്തുകയായിരുന്നു. മകളെവിടെയെന്ന് ചോദിച്ചപ്പോള്‍ മുന്നോട്ട് നടന്നാല്‍ കാണാമെന്ന് പറഞ്ഞു. മുന്നോട്ട് ചെന്ന് നോക്കിയപ്പോഴാണ് തലയില്‍ നിന്ന് രക്തം വാര്‍ന്നൊലിച്ച് ശരീരമാസകലം മുറിവേറ്റ നിലയില്‍ മകളെ കണ്ടെത്തിയത്. വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മകള്‍ ജനിച്ച് ആറുമാസം കഴിഞ്ഞതോടെ കുട്ടിയുടെ അമ്മ ഇവരില്‍ നിന്ന് പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയിരുന്നു. മൂന്ന് മക്കളെയും പിന്നീട് യുവാവാണ് വളര്‍ത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അയല്‍വാസിയെ അറസ്റ്റ് ചെയ്തു. 

മൂന്ന് തവണകുട്ടിയുടെ തലയില്‍ ഇഷ്ടിക വച്ചിടിച്ചതിന്‍റെ പാടുകളും സ്വകാര്യ ഭാഗത്ത് മുറിവുകളും ശരീരമാസകലം കടിച്ച് മുറിവേല്‍പ്പിച്ച പാടുകളും പൊലീസ് കണ്ടെത്തി. പീഡിപ്പിച്ച വിവരം കുട്ടി ആരോടെങ്കിലും പറയുമോയെന്ന് ഭയന്നാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രതിയുടെ മൊഴി. സംഭവത്തില്‍ കൊലപാതകം, തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കല്‍,തെറ്റിദ്ധാരണ പരത്തല്‍ തുടങ്ങിയ വകുപ്പുകളിലും എസ്​സി–എസ്ടി, പോക്സോ വകുപ്പിലും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. കുറ്റവാളിയെ ജീവനോടെ വയ്ക്കരുതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

ENGLISH SUMMARY:

A 4-year-old girl in Ghaziabad was lured with chocolates, brutally raped, and murdered by her neighbor. The autopsy revealed 11 bite marks and fatal head injuries from a brick. The accused confessed to the crime, stating he killed her to prevent her from speaking out. Police have charged him under POCSO and SC/ST Acts.