പ്രണയം നടിച്ച് രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ തിരുവനന്തപുരം പോത്തൻകോട് പൊലീസ് പിടികൂടിയത് കണ്ണൂരില്‍ നിന്ന്. പിടികൂടി. രഹസ്യ നീക്കത്തിലൂടെയാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശി കെ.വി. അനുരാജിനെ (23) പൊലീസ് വലയിലാക്കിയത്. ഒരേ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരികളായ രണ്ട് പെൺകുട്ടികളെയാണ് പ്രതി ഒരേ ദിവസം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇവരിൽ ഒരാളുടെ വീട്ടിലെത്തിയായിരുന്നു പീഡനം. പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ 23-കാരനായ പ്രതിയുടെ നെഞ്ചിൽ ജനനവർഷവും 'അമ്മ' എന്ന ടാറ്റൂവും പതിപ്പിച്ചിരിക്കുന്നത് കാണാം.
ഇൻസ്റ്റഗ്രാം വഴിയാണ് ആദ്യം 14-കാരിയായ ഒരു പെൺകുട്ടിയെയും പിന്നീട് അതേ ക്ലാസിൽ പഠിക്കുന്ന മറ്റൊരു പെൺകുട്ടിയെയും അനുരാജ് പരിചയപ്പെടുന്നത്. ഏകദേശം 20 ദിവസത്തെ പരിചയത്തിനൊടുവിൽ ഇരുവരുമായും അടുപ്പം സ്ഥാപിച്ച പ്രതി, നേരിൽ കാണണമെന്നും അല്ലെങ്കിൽ ചാറ്റുകൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. അങ്ങനെയാണ് പ്രതി കണ്ണൂരിൽ നിന്ന് പോത്തൻകോട്ടേക്ക് എത്തിയത്.
രണ്ട് പെൺകുട്ടികളുമായും ഒരേസമയം അടുപ്പമുണ്ടായിരുന്ന വിവരം അവർ പരസ്പരം അറിഞ്ഞിരുന്നില്ല. ആളില്ലാത്ത സമയം ആദ്യത്തെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, വീട്ടുകാരുടെ കണ്ണുവെട്ടിച്ച് അകത്ത് കയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി, കൂട്ടുകാരിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. പിന്നീട് ഇരുവരെയും ലൈംഗികമായി പീഡിപ്പിച്ചശേഷം രാത്രി 12 മണിയോടെ വീട്ടുകാർ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാൾ അവിടെ നിന്ന് മടങ്ങിയത്.
സംഭവത്തിന് പിന്നാലെ പ്രതി ഇരുവരെയും സമൂഹമാധ്യമങ്ങളിൽ ബ്ലോക്ക് ചെയ്തു. തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇയാൾ, ഇവരുടെ ക്ലാസിൽ പഠിക്കുന്ന മറ്റൊരു പെൺകുട്ടിയെയും പ്രണയം നടിച്ച് വലയിലാക്കാൻ ശ്രമിച്ചു. ഇതോടെയാണ് വിദ്യാർഥിനികൾ വീട്ടുകാരോട് വിവരം തുറന്നുപറഞ്ഞത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്ത പോത്തൻകോട് പൊലീസ് കണ്ണൂരിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ കൂടി നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. അനുരാജിനെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.