Image Credit:x/sanjoychakra
മോസ്കിനുള്ളിലെ പ്രാര്‍ഥനാസ്ഥലത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 20കാരന് നേരെ ക്രൂരമായ ആക്രമണം. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലാണ് സംഭവം. ക്രൂരമര്‍ദനത്തിനിരയായ മെഹബൂബ് എന്ന യുവാവ് ചികില്‍സയിലാണ്. വെള്ളിയാഴ്ച രാവിലെയാണ് സഹസ്വാന്‍ പ്രദേശത്തെ മോസ്കില്‍ വാക്കുതര്‍ക്കമുണ്ടായത്.
മുസ്തഫബാദ് സ്വദേശികളായ മൂന്നുപേരും മെഹബൂബും മോസ്കില്‍ നിസ്കാരത്തിനായി എത്തി. മോസ്കിനുള്ളില്‍ എവിടെ നിന്ന് പ്രാര്‍ഥിക്കണം എന്നതിനെ ചൊല്ലി തലേ ദിവസമേ തര്‍ക്കം നിലനിന്നിരുന്നുവെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാര്‍ഥനയ്ക്ക് ശേഷം പുറത്തേക്കിറങ്ങിയ മെഹബൂബിനെ മറ്റ് മൂന്ന് പേരും ചേര്‍ന്ന് അടിച്ച് വീഴ്ത്തി. തുടര്‍ന്ന് തൂണില്‍ കയറുകൊണ്ട് കെട്ടിയിടുകയും പെട്രോള്‍ തലവഴി ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. തീ പിടിച്ച് കയര്‍ അഴിഞ്ഞതും സാരമായി പൊള്ളലേറ്റ മെഹബൂബ് പ്രാണരക്ഷാര്‍ഥം വീട്ടിലേക്ക് ഓടി. വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. മെഹബൂബിന്‍റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍ സംഭവത്തിന് തൊട്ടുമുന്‍പ് സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് മെഹബൂബ് പോയി പെട്രോള്‍ വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് സംശയാസ്പദമാണെന്നും സംഭവത്തിന്‍റെ എല്ലാവശങ്ങളും അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു.