Image credit: x/kotwalips
ആശുപത്രിയില്‍ കിടക്കുന്ന സഹോദരന്‍റെ അനിയനെ പരിചരിക്കാനെത്തിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ജീവനക്കാരന്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുറിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാരനായ ജയശങ്ക(25)റിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രോഗിയുടെ കൂട്ടിരിപ്പുകാരിയെ ഡോക്ടര്‍ അന്വേഷിക്കുന്നുവെന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയെ ആശുപത്രിയുടെ മൂന്നാംനിലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ശുചിമുറിയിലേക്ക് കയറ്റി യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. അവശനിലയിലായ യുവതി നഴ്സിനെ കണ്ട് വിവരം പറഞ്ഞതോടെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
എന്നാല്‍ യുവതി മദ്യലഹരിയില്‍ ആയിരുന്നുവെന്നും മുകള്‍നിലയിലേക്ക് പോകാന്‍ തന്‍റെ സഹായം ആവശ്യപ്പെട്ടതോടെയാണ് താന്‍ എത്തിയതെന്നുമാണ് പ്രതിയുടെ വിചിത്രവാദം. പ്രതി ജയശങ്കറിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.പ്രാഥമികാന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ജയശങ്കറിനെ ശുചീകരണ ജോലിയില്‍ നിന്നും നീക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയില്‍ കൊല്‍ക്കത്തയിലെ ആശുപത്രിയിലും രോഗിയുടെ കൂട്ടിരിപ്പുകാരി പീഡനത്തിനിരയായിരുന്നു.