രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഓരോ മേഖലയിലേയും ഒളിയിടത്തില്‍ സഹായികള്‍ നിരവധിയെന്ന് അന്വേഷണസംഘം. നടിയുടെ ചുവന്ന കാറില്‍ രാഹുല്‍ സഞ്ചരിച്ചത് വെറും രണ്ട് കിലോമീറ്റര്‍ മാത്രം. പിന്നാലെ കാറും മൊബൈലും മാറുന്നു. അങ്ങനെ കേരളവും തമിഴ്നാടും കടന്ന് കര്‍ണാടകയിലെത്തിയപ്പോഴും മാറിമാറിവന്നത് നിരവധി സഹായികളും മൊബൈലുകളും കാറുകളും. പെട്ടെന്നുള്ള നീക്കങ്ങളല്ല ഇതെന്ന് വ്യക്തമാകുംവിധമുള്ള തയ്യാറെടുപ്പുകളാണ് രാഹുലിനെ കാത്തിരിക്കുന്നത്.
യുവതി പരാതി നല്‍കി നിമിഷങ്ങള്‍ക്കകം തന്നെ രക്ഷപ്പെടാനുള്ള ആസൂത്രണങ്ങള്‍ രാഹുല്‍ നടത്തിയിരുന്നെന്ന് അന്വേഷണസംഘം. കര്‍ണാടകയിലെ രണ്ട് ഒളിത്താവളങ്ങളില്‍ പൊലീസെത്തി. പൊലീസ് എത്തും മുന്‍പ് രാഹുല്‍ ഇവിടെ നിന്ന് വീണ്ടും മുങ്ങും. അതെ സമയം ചുവന്ന കാറിന്റെ ഉടമയായ നടിയെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യില്ല. രാഹുലിനെ ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കിൽ മാത്രം നടിയിലേക്ക് എത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
രാഹുലിന് അത്രയെളുപ്പം ഊരിപ്പോരാവുന്ന കേസല്ല ഇതെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്. ബലാത്സംഗം, ഗര്‍ഭഛിദ്രം ഉള്‍പ്പെടെ രണ്ട് പ്രധാന വകുപ്പുകള്‍ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്, പരാതിക്കാരിയുടെ ദേഹത്ത് വരുത്തിയ മുറിവുകള്‍, പാടുകള്‍ എന്നിവയിലൂടെ നടന്നത് ബലാത്സംഗമെന്ന് തെളിയുന്നു. താനും തന്റെ അഭിഭാഷകനും മാത്രമേ കേസിന്റെ നില അറിയാവൂയെന്ന നിര്‍ബന്ധത്താലാണ് വാദം അടച്ചിട്ട കോടതിയില്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഹര്‍ജി നല്‍കിയത്.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് സൗഹൃദമുണ്ടാക്കി. നാലുതവണ ക്രൂരമായി ബലാത്സംഗം ചെയ്തു. തിരുവനന്തപുരത്തേയും പാലക്കാട്ടേയും ഫ്ലാറ്റുകളില്‍ വച്ചാണ് ബലാത്സംഗം ചെയ്തത്. അമ്മ വിവാഹത്തിനു സമ്മതിക്കണമെങ്കില്‍ നീ ഗര്‍ഭിണിയായി കാണിക്കണമെന്ന് പറഞ്ഞ് പറ്റിച്ചു. ഗര്‍ഭിണിയായി കഴിഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചു. ഗര്‍ഭിണിയായ സമയത്തും ക്രൂരമായി ബലാത്സംഗം ചെയ്തു. ഇത്തരത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് അതിജീവിത പരാതിയില്‍ വ്യകതമാക്കുന്നത്.
പീഡനത്തെക്കുറിച്ച് മിണ്ടിയാല്‍ പൊതുമധ്യത്തില്‍ അപമാനിക്കുമെന്നതായിരുന്നു രാഹുലിന്റെ ഭീഷണി. കോണ്‍ഗ്രസിന്റെ സൈബര്‍ പ്രവര്‍ത്തകരെ ഉപയോഗിച്ച് സൈബര്‍ ആക്രമണം നടത്തുമെന്നും നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് യുവതി പരാതിയുമായെത്താതിരുന്നത്. അതിജീവിത കോൺഗ്രസിന് നൽകിയ പരാതിയിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയായിരുന്നു അതിജീവിത കെപിസിസി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും രാഹുൽ ഗാന്ധിക്കും പരാതി നൽകിയത്. എന്നാൽ കോൺഗ്രസ് അതിൽ തുടർനടപടി സ്വീകരിച്ചിരുന്നില്ല. പരാതിയിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടാണ് തുടർന്ന് സ്വീകരിക്കാതിരുന്നത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിശദീകരണം.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയിലെത്തുകയാണ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയില്‍ വേണമെന്ന രാഹുലിന്‍റെ ആവശ്യം കോടതി അംഗീകരിക്കുമോ എന്നതിലാണ് ആകാംഷ. യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പൂര്‍ണമായും വസ്തുതയില്ലെന്ന് തെളിയിക്കാന്‍ രണ്ട് ഘട്ടങ്ങളിലായി പെന്‍ഡ്രൈവിലാക്കി വിപുലമായ തെളിവുകള്‍ രാഹുലിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സൈബര്‍ തെളിവുകളും വാട്സ്ആപ്പ് ചാറ്റുകളും ഓഡിയോ റെക്കോര്‍ഡിങുമാണ് രാഹുലിന്‍റെ അഭിഭാഷകന്‍ കോടതിക്ക് കൈമാറിയത്. രാഹുലിനെതിരെ മറ്റൊരു യുവതി കൂടി സമാനപരാതി നല്‍കിയ സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിലപാട് നിര്‍ണായകമാണ്.