രാജ്യ തലസ്ഥാനത്ത് സൈനികനായി നടിച്ച് 27കാരിയായ വനിതാ ഡോക്ടറെ ബലാല്‍സംഗം ചെയ്ത ഡെലിവറി ഏജന്‍റ് അറസ്റ്റില്‍. ഒരു ഇ കൊമേഴ്സ് കമ്പനിയിലെ ഡെലിവറി എക്സിക്യൂട്ടീവായ ആരവ് മാലിക്കാണ് അറസ്റ്റിലായത് . ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവഡോക്ടറെ ലഹരിമരുന്ന് കലര്‍ത്തി നല്‍കിയാണ് ഇയാള്‍ ബലാല്‍സംഗം ചെയ്തത്. ഡൽഹിയിലെ പ്രശസ്ത ആശുപത്രിയിലെ ഡോക്ടറാണ് അതീജീവിത.
പൊലീസ് പറയുന്നത് പ്രകാരം, പ്രതിയും അതിജീവിതയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്. ഇന്ത്യൻ ആർമിയിലെ ലെഫ്റ്റനന്റായിട്ടാണ് പ്രതി സ്വയം പരിചയപ്പെടുത്തിയത്. മാസങ്ങളോളം ചാറ്റ് ചെയ്ത് പ്രതി യുവതിയോട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നാലെ ഒക്ടോബർ 16 ന് അതിജീവിത ആരവിനെ സഫ്ദർജംഗിലുള്ള തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു. യുവതിക്കായി മധുരപലഹാരങ്ങളുമായാണ് പ്രതി എത്തിയത്. ലഹരിമരുന്ന് ചേർത്ത മധുരപലഹാരങ്ങൾ കഴിച്ച യുവതി ബോധരഹിതയായി. തുടര്‍ന്ന് പ്രതി ക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു.
അതേദിവസം തന്നെ യുവതി പൊലീസില്‍ പരാതി നല്‍കി. പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏപ്രിലാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടതെന്നും സെപ്റ്റംബർ വരെ ചാറ്റ് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കശ്മീരിൽ നിന്നുള്ള സൈനികനാണെന്നാണ് ഇയാള്‍ യുവതിയോട് പറഞ്ഞത്. യുവതിയെ വിശ്വസിപ്പിക്കാനായി യൂണിഫോമിലുള്ള തന്‍റെ ഫോട്ടോകളും വിഡിയോകളും പ്രതി യുവതിക്ക് അയച്ചിരുന്നു. ചില വ്യാജ രേഖകള്‍ പോലും നിര്‍മ്മിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഒരു ഇ-കൊമേഴ്‌സ് കമ്പനിയിൽ ഡെലിവറി എക്സിക്യൂട്ടീവായാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.
അതേസമയം, ഇയാള്‍ സൈനികനായി ചമഞ്ഞ് മറ്റാരെയെങ്കിലും കബളിപ്പിക്കുകയോ ലൈംഗികമായി ഉപദ്രവിക്കുകയോ ചെയ്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ ആരവ് മാലിക്കിനെതിരെ ബലാല്‍സംഗം, ഭീഷണിപ്പെടുത്തൽ, ആൾമാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകൾ പ്രകാരം ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഡൽഹി കന്റോൺമെന്റിലെ ഒരു കടയിൽ നിന്നാണ് ഓൺലൈനായി ഇയാള്‍ സൈനിക യൂണിഫോം വാങ്ങിയത്.