ലിവ് ഇന്‍ പങ്കാളിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊന്ന യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കാന്‍പുറിലാണ് സംഭവം. ആകാന്‍ഷയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. റസ്റ്റൊറന്‍റ് ജീവനക്കാരിയായ ആകാന്‍ഷ സഹോദരിക്കൊപ്പം കഴിയുന്നതിനിടെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ സൂരജ് കുമാറിനെ പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയമായി വളര്‍ന്നു. ഇതോടെ കാന്‍പുറിലെ സഹോദരിയുടെ വീട്ടില്‍ നിന്നും സൂരജിനൊപ്പം താമസം ആരംഭിക്കുകയായിരുന്നു.
രണ്ടുമാസം മുന്‍പ് ആകാന്‍ഷ മറ്റൊരാളോട് സംസാരിക്കുന്നത് സൂരജ് കണ്ടു. ഇതേച്ചൊല്ലി ഇരുവരുംതമ്മില്‍ വലിയ കലഹമായി. തുടര്‍ന്ന് ആകാന്‍ഷയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ച ശേഷം സൂരജ് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ആകാന്‍ഷ മരിച്ചെന്ന് ഉറപ്പായതോടെ സുഹൃത്തായ ആശിഷ് കുമാറിനെ മൃതദേഹം മറവ് ചെയ്യുന്നതിനായി സഹായം അഭ്യര്‍ഥിച്ച് വിളിച്ചു. ഇരുവരും ചേര്‍ന്ന് ആകാന്‍ഷയുടെ മൃതദേഹം ബാഗിലാക്കി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി.
യമുനാനദിയില്‍ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. എന്നാല്‍ അതിന് മുന്‍പ് സൂരജ് ഒരു സെല്‍ഫിയും എടുത്തു. ആകാന്‍ഷയുടെ അമ്മ , മകളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയതാണ് കൊലപാതക വിവരം പുറത്തറിയാന്‍ കാരണമായത്. തന്‍റെ 20കാരിയായ മകളെ സൂരജ് തട്ടിക്കൊണ്ടു പോയെന്നും അവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് സൂരജിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ സൂരജ് കുറ്റം സമ്മതിക്കുകയായിരുന്നു.
സൂരജ് ഇലക്ട്രീഷ്യനായും ആകാന്‍ഷ റസ്റ്റൊറന്‍റിലുമാണ് ജോലി ചെയ്ത് വന്നത്. തുടക്കത്തില്‍ സൂരജ് അന്വേഷണം വഴിതെറ്റിക്കാന്‍ നോക്കിയെങ്കിലും ആകാന്‍ഷയുടെ ഫോണ്‍ പരിശോധിച്ചതോടെ പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. സൂരജിന്‍റെ ഫോണില്‍ നിന്നും ആകാന്‍ഷയുടെ മൃതദേഹത്തിനൊപ്പമുള്ള സെല്‍ഫിയും കണ്ടെത്തി. അതേസമയം, സൂരജിന് മറ്റൊരു യുവതിയുമായുള്ള ബന്ധം ആകാന്‍ഷ കണ്ടെത്തിയതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.