മകളുടെ അശ്ലീല വിഡിയോ പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്ത യുവാവിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച് വീപ്പയിലാക്കി പിതാവ്. 18 മാസത്തെ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറംലോകം അറിയുന്നത്. ആഗ്രയിലാണ് സംഭവം. കൊലപാതകത്തില്‍ ദേവിറാ(45)മിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെഡിങ് ഫൊട്ടോഗ്രാഫറായിരുന്ന രാകേഷ് സിങ് (18) ആണ് കൊല്ലപ്പെട്ടത്. തന്‍റെ മകള്‍ കുളിക്കുന്ന വിഡിയോ ഒളിച്ചിരുന്ന് രാകേഷ് പകര്‍ത്തുകയും അത് ഉപയോഗിച്ച് മകളെ ബ്ലാക്മെയില്‍ ചെയ്തുവെന്നും ഇതോടെയാണ് രാകേഷിനെ പാഠം പഠിപ്പിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും ദേവിറാം പൊലീസിനോട് വെളിപ്പെടുത്തി.
'മകള്‍ക്ക് കാണണം, കടയിലേക്ക് എത്തുമോ' എന്ന് രാകേഷിനോട് ദേവിറാം ചോദിച്ചു. ഇതനുസരിച്ച് കടയിലേക്കെത്തിയ രാകേഷിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അനന്തരവന്‍റെ സഹായത്തോടെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം വീപ്പയിലാക്കി ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകം മറച്ച് വയ്ക്കുന്നതിനായി രാകേഷ് കടയിലേക്ക് എത്തിയ ബൈക്ക് ഓണാക്കിയ ശേഷം പുഴയില്‍ തള്ളി. മൊബൈല്‍ ഫോണും പുഴയിലെറിഞ്ഞു. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.
2024 ഫെബ്രുവരി 15നാണ് രാകേഷിനെ കാണാതായതായി പരാതി ലഭിച്ചത്. 18–ാം തീയതി ആഗ്രയില്‍നിന്നും പാതി കത്തിക്കരിഞ്ഞ നിലയില്‍ ഒരു യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇതോടെ കുടുംബാംഗങ്ങളോട് മൃതദേഹം തിരിച്ചറിയാന്‍ എത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും തിരിച്ചറിയാന്‍ സാധിച്ചില്ല.
മകന്‍റെ കൈവശം ഒരു പെണ്‍കുട്ടിയുടെ അശ്ലീല വിഡിയോ ഉണ്ടായിരുന്നുവെന്നും ഇതേ ചൊല്ലി തര്‍ക്കമുണ്ടായിട്ടുണ്ടെന്നും ഇതിന് പിന്നാലെയാണ് തിരോധാനമെന്നും പിതാവായ ലാല്‍സിങ് പൊലീസില്‍ അറിയിച്ചു. കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും നല്‍കി. ഇതിനിടെ പ്രതിയായ ദേവിറാം ലാല്‍സിങിനെ കാണാനെത്തുകയും രണ്ട് ലക്ഷം രൂപ കൈമാറുകയും ചെയ്തു. കേസ് ലാല്‍സിങ് ഇതോടെ അവസാനിപ്പിച്ചെങ്കിലും പൊലീസ് അന്വേഷണം തുടര്‍ന്നു. ഇതിനിടെ മൃതദേഹത്തില്‍ നിന്നെടുത്ത ഡിഎന്‍എ രാകേഷ് സിങിന്‍റെ അമ്മയുടേതുമായി യോജിച്ചെന്ന് പരിശോധനാഫലം പുറത്തു വന്നു. ഇതോടെയാണ് ദേവിറാമിലേക്ക് അന്വേഷണം വീണ്ടുമെത്തിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ദേവിറാം കുറ്റം സമ്മതിക്കുകയായിരുന്നു.