ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കൗമാരക്കാരനെയും കാമുകിയായ സ്ത്രീയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലുള്ള 17 കാരനും കാമുകിയായ മുപ്പതുകാരിയും ചേര്‍ന്നാണ് കൊല നടത്തിയത്. ഇരുവരെയും അരുതാത്ത സാഹചര്യത്തില്‍ പെണ്‍കുട്ടി കാണുകയും, അച്ഛനോട് പറഞ്ഞുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ വകവരുത്തുകയും ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് ആറുവയസുകാരിയായ ഉർവിയെ വീട്ടിൽ ഒരു പരിപാടി നടക്കുന്നതിനിടെ കാണാതായത്. തുടര്‍ന്നുള്ള തിരച്ചിലില്‍ ഉച്ചയ്ക്ക് 1.30 ഓടെ, കുട്ടിയുടെ മൃതദേഹം ചാക്കിലാക്കി കിണറ്റില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് മരണമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 30 കാരിയും 17കാരനും സംഭവത്തില്‍ അറസ്റ്റിലായത്.
സംഭവദിവസം, ഭർത്താവും അമ്മായിയമ്മയും പുറത്തുപോയപ്പോൾ പ്രതിയായ മുപ്പതുകാരി 17 കാരനായ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവരുടെ സ്വകാര്യ നിമിഷങ്ങള്‍ പെണ്‍കുട്ടി കാണുകയും വീട്ടില്‍ പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നത്. മൃതദേഹം ഒരു ചാക്കിലാക്കി കിണറ്റിൽ തള്ളിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ 17 കാരനുമായി തനിക്ക് മൂന്ന് മാസമായി ബന്ധമുണ്ടെന്ന് 30കാരി സമ്മതിച്ചിട്ടുണ്ട്. യുവതിയുടെ കയ്യില്‍ കടിയേറ്റ പാടുകളുമുണ്ടായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പെൺകുട്ടി കടിച്ചതായിരിക്കാം എന്നാണ് പൊലീസ് പറയുന്നത്.