കോഴിക്കോട് മാളിക്കടവില്‍ ആത്മഹത്യ ചെയ്യാനായി യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലയ്ക്ക് ശേഷം പ്രതി വൈശാഖനും ഭാര്യയും ചേര്‍ന്ന് യുവതിയുടെ മൃതദേഹം കാറില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വൈശാഖന്‍റെ ഭാര്യ ഓട്ടോയില്‍ വന്നിറങ്ങുന്നതും വര്‍ക്‌ഷോപ്പിലേക്ക് പോവുന്നതും ദൃശ്യങ്ങളില്‍ കാണാം. വൈശാഖന്‍റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയില്‍ ലഭിച്ച വൈശാഖനെ ഇന്ന് വര്‍ക്ക് ഷോപ്പില്‍ എത്തിച്ച് എലത്തൂര്‍ പൊലീസ് തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ ദിവസമാണ് യുവതിയെ വര്‍ക് ഷോപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയെന്ന് കരുതിയെങ്കിലും പിന്നീടാണ് ക്രൂരകൊലപാതകമാണെന്ന് ബോധ്യപ്പെട്ടത്. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വൈശാഖന്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കഴുത്തില്‍ ഒന്നിച്ച് കുരുക്കിട്ട ശേഷം സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനു ശേഷം ഭാര്യയെ വിളിച്ചുവരുത്തി സഹായം തേടിയതായും വൈശാഖന്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.
വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും യുവതി വിവാഹാവശ്യം ഉന്നയിച്ചതാണ് കൊലയ്ക്കു കാരണമെന്നും പൊലീസ് പറയുന്നു. ദിവസങ്ങള്‍ നീണ്ട ചോദ്യംചെയ്യലിലാണ് വൈശാഖന്‍ കുറ്റം സമ്മതിച്ചത്.