സംസാരിക്കുന്നതിനിടെ ഭര്‍ത്താവ് കുരങ്ങെന്ന് വിളിച്ചതിനെത്തുടര്‍ന്ന് ഭാര്യ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ഇന്ദിരാനഗറില്‍ താമസിക്കുന്ന തന്നു സിങ് എന്ന യുവതിയാണ് ജീവനൊടുക്കിയത്.
സംസാരത്തിനിടെ തമാശരൂപേണയാണ് രാഹുല്‍ തന്നുവിനെ കളിയാക്കിയതെന്ന് തന്നുവിന്‍റെ സഹോദരി അഞ്ജലി പറയുന്നു. സീതാപൂരിലെ ബന്ധുവീട്ടില്‍ നിന്നും ബുധനാഴ്ച വൈകിട്ടാണ് തന്നുവും കുടുംബവും സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. വീട്ടിലെത്തിയതിനു പിന്നാലെ വീട്ടിലെ അംഗങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് സംസാരിച്ചു. ഇതിനിടെ തമാശരൂപേണ ഭര്‍ത്താവ് രാഹുല്‍ തന്നുവിനെ കുരങ്ങെന്ന് വിളിച്ചു. തുടര്‍ന്ന് തന്നു ആകെ വിഷമത്തിലായിരുന്നുവെന്ന് സഹോദരി പറയുന്നു.
ഈ സംഭവത്തിനു പിന്നാലെ തന്നു മുറിയിലേക്ക് പോയി. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് രാഹുല്‍ ഭക്ഷണം വാങ്ങിക്കാനായി പുറത്തേക്കും പോയിരുന്നു. അല്‍പം കഴിഞ്ഞ് തിരിച്ചെത്തിയ രാഹുല്‍ അഞ്ജലിയോട് തന്നുവിനെ വിളിക്കാനാവശ്യപ്പെട്ടു. എന്നാല്‍ മുറിയുടെ വാതില്‍ അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. ഏറെനേരം വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് തന്നുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അയല്‍ക്കാരും രാഹുലും ചേര്‍ന്ന് വാതില്‍ പൊളിച്ച് തന്നുവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തന്നുവും രാഹുലും വിവാഹിതരായത്. മോഡലിങ്ങില്‍ തല്‍പരയായ തന്നുവിനും രാഹുലിനും കുട്ടികളുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.