കാല് വിരലില്‍ രഹസ്യ ക്യാമറ വച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല വിഡിയോകള്‍ നിര്‍മിച്ച കേസില്‍ പൈലറ്റ് അറസ്റ്റില്‍. സ്വകാര്യ എയര്‍ലൈന്‍സിലെ പൈലറ്റായ മോഹിത് പ്രിയദര്‍ശി(31)യാണ് പിടിയിലായത്. പൊലീസ് നടത്തിയ പരിശോധനയില്‍ 74 അശ്ലീല വിഡിയോകള്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. സ്വന്തം ലൈംഗിക സംതൃപ്തിക്കായാണ് മോഹിത് ഇത്തരം വിഡിയോകള്‍ തയാറാക്കിയിരുന്നതെന്ന് പൊലീസ് പറയുന്നു.
തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ കസ്റ്റമര്‍ കെയര്‍ പ്രതിനിധിയായി ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിലാണ് മോഹിതിന് പിടി വീണത്. ലൈറ്റര്‍ പോലെയുള്ള വസ്തുവില്‍ രഹസ്യക്യാമറ വച്ച് മോഹിത് തന്റെ സ്വകാര്യ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. ഇതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇതോടെ മോഹിതിനെ തിരിച്ചറിഞ്ഞു. മോഹിതിന്റെ ചിത്രങ്ങള്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലും കടകളിലും കൈമാറി.
പിടിയിലായതിന് പിന്നാലെ തിരക്കേറിയ സ്ഥലങ്ങളില്‍ വച്ച് സ്ത്രീകളുടെ ദൃശ്യങ്ങള്‍ താന്‍ പകര്‍ത്തിയെന്നും അതുപയോഗിച്ച് അശ്ലീല വിഡിയോകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും ലൈംഗിക സംതൃപ്തിയ്ക്കായാണ് ഇവ ഉപയോഗിച്ചിരുന്നതെന്നും മോഹിത് പൊലീസിനോട് സമ്മതിച്ചു. വിഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ലൈറ്റര്‍ പോലെയുള്ള ക്യാമറയും പൊലീസ് കണ്ടെടുത്തു. 2023 ഡിസംബര്‍ മുതലാണ് മോഹിത് ഇത്തരത്തില്‍ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയതെന്നും പൊലീസ് കണ്ടെത്തി.