എയര്‍ഹോസ്റ്റസിനെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രൈവറ്റ് ജെറ്റ് പൈലറ്റായ രോഹിത് ശരണി(60)ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ബെംഗളൂരു സെഷന്‍സ് കോടതിയുടേതാണ് വിധി. 2025 നവംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നെന്നാണ് പൈലറ്റ് മൊഴി നല്‍കിയത്. ഇക്കാര്യം യുവതി നിഷേധിച്ചിട്ടുണ്ട്. ഇരുപത്തിയാറുകാരിയുടെ പരാതിയില്‍ ബലാല്‍സംഗക്കേസ് റജിസ്റ്റര്‍ ചെയ്ത ഈസ്റ്റ് ബെംഗളൂരു പൊലീസ് അന്വേഷണം തുടരുകയാണ്.
ഹൈദരാബാദിലെ ബെഗുംപെട്ടില്‍ നിന്നാണ് സ്വകാര്യ ജെറ്റില്‍ യാത്ര ആരംഭിച്ചത്. അഞ്ചുമണിയോടെ ബെംഗളൂരുവിലെത്തി. ലേ ഓവറുള്ളതിനാല്‍ എം.ജി.റോഡിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇരുവര്‍ക്കും താമസം ക്രമീകരിച്ചിരുന്നത്. ചെക്ക് ഇന്‍ ചെയ്ത ശേഷം പൈലറ്റും എയര്‍ ഹോസ്റ്റസും കഫെകളിലും റസ്റ്റൊറന്‍റുകളിലും പോയി. പിന്നീട് മദ്യപിച്ച ശേഷം ഹോട്ടലിലേക്ക് മടങ്ങിയെത്തി.
പുകവലിക്കാനായി ശരണ്‍ യുവതിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് പോവുകയും തന്‍റെ മുറിയിലേക്ക് ബലമായി കയറ്റി ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. മുറിയില്‍ നിന്ന് ഓടി പുറത്തുവന്ന യുവതി ഉടന്‍ തന്നെ വിവരം തന്‍റെ സ്ഥാപനത്തില്‍ അറിയിക്കുകയും ഹൈദരാബാദില്‍ വിമാനമെത്തിയതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതി ഉയര്‍ന്നതിന് പിന്നാലെ പൈലറ്റിനെ വിമാനക്കമ്പനി സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.