കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടുമാസത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചു. 650 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കേസിലെ മുഖ്യപ്രതി അതിജീവിതയുടെ ഒന്നിലധികം വിഡിയോകൾ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ വൈദ്യപരിശോധനാ ഫലത്തില്‍ ബലാല്‍സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയുടെ ഡിഎൻഎ ഫോറൻസിക് സാമ്പിളുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. സംഭവം നടന്ന ഗാര്‍ഡ് റൂമിന്‍റെ ചുമരിൽ സ്ഥാപിച്ചിരുന്ന എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിൽ ക്യാമറ വച്ചാണ് പ്രതികൾ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. വിഡിയോകളിൽ പ്രതികളുടെ ശബ്ദങ്ങൾ ഉണ്ട്, ഇവ ശബ്ദ സാമ്പിളുകളുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ബലാല്‍സംഗം ചെയ്യുന്നതിന്‍റെ നിരവധി വിഡിയോകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതിയുടെ മൊബൈൽ ലൊക്കേഷനും കണ്ടെത്തി. സംഭവത്തെക്കുറിച്ച് പൊലീസിനെയോ മറ്റ് ബന്ധപ്പെട്ടവരെയോ അറിയിക്കുന്നതിന് പകരം സുരക്ഷാ ജീവനക്കാരൻ ഗാർഡ് റൂം പൂട്ടിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

ജൂൺ 25 നായിരുന്നു സൗത്ത് കൊൽക്കത്ത ലോ കോളജ് കാമ്പസിൽ ഒന്നാം വർഷ വിദ്യാർഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തത്. ഒന്നാം പ്രതിയും കോളജിലെ പൂർവ്വ വിദ്യാർഥിയുമായ മനോജിത് മിശ്ര, മറ്റ് പ്രതികളായ സൈബ് അഹമ്മദ്, പ്രമിത് മുഖർജി എന്നിവരാണ് ക്രൂരകൃത്യം ചെയ്തതത്. ഇവരെയും സുരക്ഷാ ജീവനക്കാരനുമായ പിനാകി ബാനർജിയെയും ഉള്‍പ്പെടുത്തി നാല് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. നേരത്തെ പ്രതികള്‍ അതിജീവിതയെ ബന്ദിയാക്കി മുറിയിലേക്ക് എത്തിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു.

മനോജിത് മിശ്ര കൃത്യമായ ആസൂത്രണത്തോടെയാണ് കുറ്റകൃത്യം നടത്തിയതെന്നിനുള്ള തെളിവുകള്‍ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. കുറ്റകൃത്യത്തിന് മുന്‍പ് ജൂൺ 25 ന് വൈകുന്നേരം സെക്യൂരിറ്റി ജീവനക്കാരനായ പിനാകി ബാനർജിയോട് ഗാർഡ്‌സിന്റെ മുറി തയ്യാറാക്കി വയ്ക്കാന്‍ മനോജിത് ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തിന് വെള്ളവും വൃത്തിയുള്ള ബെഡ് ഷീറ്റും തയ്യാറാക്കി വയ്ക്കാന്‍ ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരനോട് ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ENGLISH SUMMARY:

Kolkata Law Student Rape Case: Chargesheet filed in the Kolkata law student rape case reveals shocking details. The investigation uncovered video evidence, DNA matches, and planned actions by the accused, highlighting the severity of the crime.