ഹന്‍സ്‌രാജ് കൊലക്കേസിലെ പ്രതികളായ ജിതേന്ദ്രയും സുനിതയും.
യുവാവിനെ കൊന്ന് വീപ്പയ്ക്കുള്ളിലാക്കി വീടിന്‍റെ ടെറസില്‍ വച്ച ഭാര്യയും കാമുകനും പൊലീസ് പിടിയില്‍. രാജസ്ഥാനിലെ ആള്‍വാറില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ദമ്പതികളുടെ എട്ടുവയസ്സുകാരന്‍റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അച്ഛന്‍ പതിവായി അമ്മയെയും തന്നെയും ശാരീരികമായി ഉപദ്രവിക്കുമായിരുന്നുവെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. READ MORE; ‘അമ്മയും ആ മാമനും കൂടി അച്ഛനെ വീപ്പയിലാക്കി വെള്ളം നിറച്ചു; ചോദിച്ചപ്പോള്‍ മരിച്ചെന്ന് പറഞ്ഞു’
കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പൊലീസിന് നല്‍കിയത് ഈ എട്ടുവയസ്സുകാരനാണ്. ‘അമ്മയെ അച്ഛന്‍ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. ബീഡികൊണ്ട് അമ്മയുടെ ദേഹമൊക്കെ പൊള്ളിക്കുമായിരുന്നു. എന്നെയും അച്ഛന്‍ തല്ലുമായിരുന്നു. അച്ഛന്‍ കൊല്ലപ്പെട്ട അന്നും എന്നെ ഉപദ്രവിച്ചു. ബ്ലേഡെടുത്ത് കഴുത്തില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടി പൊലീസിനോടു പറഞ്ഞു.
കൊല്ലപ്പെട്ട ഹന്‍സ്‌രാജിനും ഭാര്യ സുനിതയ്ക്കും മൂന്നു മക്കളാണുള്ളത്. തിജാര ജില്ലയിലെ ആദര്‍ശ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. വീട്ടുടമയുടെ മകനുമായി സുനിത പ്രണയത്തിലായി. ഇടയ്ക്കിടെ ജിതേന്ദ്ര വീട്ടിലേക്ക് വരുന്നതും ഹന്‍സ്‌രാജിനൊപ്പം മദ്യപിക്കുന്നതും പതിവായിരുന്നു. അങ്ങനെ കഴിഞ്ഞ വെള്ളിയാഴ്ചയും ഇവര്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തു. ഇതേക്കുറിച്ചും എട്ടുവയസ്സുകാരനാണ് പൊലീസിനോട് പറഞ്ഞത്.
‘സംഭവ ദിവസം അമ്മയും അച്ഛനും ആ മാമനും കൂടി മദ്യപിക്കുന്നത് കണ്ടു. അമ്മ രണ്ട് പെഗ്ഗ് മാത്രമാണെടുത്തത്. അച്ഛനും ആ മാമനും അന്ന് ഒരുപാട് കുടിച്ചു. മദ്യപിച്ചതിനു ശേഷം അച്ഛന്‍ അമ്മയെ തല്ലാന്‍ തുടങ്ങി. ആ മാമന്‍ അതിന് അച്ഛനോട് വഴക്കിട്ടു. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്ന് പറഞ്ഞ് അച്ഛന്‍ ആ മാമനെ ഭീഷണിപ്പെടുത്തി. ഇതോടെ അയാള്‍ എന്‍റെ അച്ഛനെ ഉപദ്രവിച്ചു. ഇത് നോക്കിനിന്ന എന്നോട് പോയിക്കിടന്നുറങ്ങാന്‍ അമ്മ പറഞ്ഞു.
ഇടയ്ക്ക് ഞാനുണര്‍ന്നപ്പോള്‍ അച്ഛന്‍ കട്ടിലില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. പിന്നെ കണ്ണുതുറന്ന് നോക്കിയപ്പോള്‍ കണ്ടത് അമ്മയും മാമനും കൂടി അച്ഛനെ വീപ്പയ്ക്കുള്ളിലാക്കുന്നതാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ മരിച്ചുപോയി എന്ന് അമ്മ പറഞ്ഞു. ആദ്യം അടുക്കളയിലാണ് വീപ്പ വച്ചിരുന്നത്. പിന്നീട് ടെറസിലേക്ക് കൊണ്ടുപോയി. അച്ഛനെ വീപ്പയിലാക്കിയ ശേഷം അമ്മയും മാമനും കൂടി അതില്‍ വെള്ളം നിറച്ചു. എന്നിട്ട് ഉപ്പും വാരിയിട്ടു’ എന്നാണ് എട്ടുവയസ്സുകാരന്‍ പൊലീസിനോട് പറഞ്ഞത്. കൊലയ്ക്ക് ശേഷം മൃതദേഹം വീപ്പയിലാക്കി ടെറസില്‍ വച്ച ശേഷം മക്കളുമായി ഒളിവ്‍ പോയ പ്രതികള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.