ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് ഗര്‍ഭിണികളെ പരിശോധിക്കുകയും അന്‍പതോളം ഗര്‍ഭിണികളുടെ പ്രസവ ശസ്ത്രക്രിയ നടത്തുകയും ചെയ്ത വ്യാജ ഡോക്ടറെ പൊക്കി അസം പൊലീസ്. തെക്കന്‍ അസമിലെ ബറാക് വാലി സ്വദേശിയായ പുലക് മലാകര്‍ ആണ് അറസ്റ്റിലായത്. ആശുപത്രിയിലെ ഗ്രേഡ് നാല് ജീവനക്കാരനായിരുന്നു മലാകറെന്നും പിന്നീട് പണം തട്ടുന്നതിനായി വ്യാജ എംബിബിഎസ് ബിരുദം സംഘടിപ്പിക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍. പ്രതിയെ ആറു ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഒഡീഷ മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പാസായതിന്‍റെ രേഖ വ്യാജമായി മലാകര്‍ ചമച്ചുവെന്നും സ്ഥിരീകരിച്ചു.

വ്യാജ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് 2016 ല്‍ സ്വന്തമാക്കിയ മലാകര്‍ ഇതുപയോഗിച്ച് സില്‍ചറിലെ ശിവ സുന്ദരി നാരീ ശിക്ഷാശ്രം ആശുപത്രിയില്‍ ജോലി ചെയ്തുവരുന്നതിനിടയിലാണ് പിടി വീണത്. വന്‍ തുക നല്‍കിയാണ് താന്‍  സര്‍ട്ടിഫിക്കറ്റ് നേടിയതെന്ന് മലാകര്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. മുതിര്‍ന്ന ഒരു ഡോക്ടറാണ് മലാകറെ ആശുപത്രിയിലേക്ക് നിര്‍ദേശിച്ചതെന്നും അതുകൊണ്ടാണ് ജോലി നല്‍കിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മലാകര്‍ ഒരിക്കലും തനിയെ പ്രസവ ശസ്ത്രക്രിയ ചെയ്തിട്ടില്ലെന്നും ചില സമയത്ത് പ്രധാന ഡോക്ടറെ സഹായിച്ചിട്ടുണ്ടെന്നും മാനേജ്മെന്‍റ് വിശദീകരിക്കുന്നു.ഒരു മാസം മുന്‍പ് മലാകറിന്‍റെ പ്രവര്‍ത്തനങ്ങളില്‍  പന്തികേട് തോന്നിയതിനെ തുടര്‍ന്ന് ആഭ്യന്തര അന്വേഷണം നടത്തിയെന്നും പൊലീസ് നടപടികളുമായി സഹകരിക്കുമെന്നും ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി. 

മലാകറിനെതിരെ വഞ്ചന, ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, മനുഷ്യജീവന്‍ അപകടത്തിലാക്കുന്ന ഉത്തരവാദിത്തമില്ലായ്മ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വ്യാജ ഡോക്ടര്‍മാര്‍ വിലസുകയാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അസം മുഖ്യമന്ത്രി ജനുവരിയിലാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഇവരുടെ വലയിലാണ് മലാകറും കുടുങ്ങിയത്. മലാകറിനെ കൂടാതെ പത്ത് വ്യാജ ഡോക്ടര്‍മാരെ കൂടി അന്വേഷണ സംഘം കയ്യോടെ പിടികൂടിയിരുന്നു. ഒരാള്‍ ഒളിച്ചു താമസിക്കുകയാണെന്നും രണ്ട് കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Assam Police arrested fake doctor Pulak Malakar who performed 50 delivery surgeries with a forged MBBS degree. Discover the shocking medical fraud and state-wide crackdown on fake practitioners.