മയിലിനെ കല്ലെറിഞ്ഞ് കൊന്ന 21കാരനെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ടെ ഹോട്ടൽ തൊഴിലാളിയായ നേപ്പാൾ സ്വദേശി സുനിൽ കർക്കിയെയാണ് പാലോട് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. 1972ലെ വന്യജീവിസംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ പെട്ട ജീവിയാണ് മയിൽ.
കിഴക്കേല പൊയ്പ്പാറ ചാമുണ്ഡി ക്ഷേത്രത്തിന് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലിരുന്ന പെൺ മയിലിനെയാണ് സുനിൽ കരിങ്കല്ല് ഉപയോഗിച്ച് എറിഞ്ഞുകൊന്നത്. മയിലിനെ കൊല്ലുന്നത് പ്രദേശവാസികൾ കണ്ടെന്ന് ബോധ്യമായതോടെ സുനിൽ സ്ഥലം വിടുകയായിരുന്നു.
പാലോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനിത, വാച്ചർ ശാന്തകുമാർ എന്നിവരുൾപ്പെട്ട സംഘം ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. സുനിലിനെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.