ബംഗാളില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. കള്ളനെന്നാരോപിച്ചാണ് 30 വയസുകാരനെ കെട്ടിയിട്ട് മര്‍ദിച്ചത്. യുവാവിന്‍റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേസില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച സൗത്ത് 24 പര്‍ഗനാസിലെ കുല്‍താലിയിലാണ് ക്രൂരത നടന്നത്.
കേരളത്തില്‍ ജോലിചെയ്യുന്ന ബംഗാളി സുഹൃത്തുക്കള്‍ക്കൊപ്പം രണ്ടാഴ്ച മുന്‍പാണ് യുവാവ് കുല്‍താലിയില്‍ എത്തിയത്. മര്‍ദനം നടന്നദിവസം രാവിലെ തനിയെ പുറത്തിറങ്ങിയപ്പോള്‍ വഴിതെറ്റുകയായിരുന്നു. ഭാഷാപരമായ പരിമിതികള്‍ കാരണം കൃത്യമായി ആശയവിനിമയം നടത്താന്‍ സാധിച്ചില്ല. വഴിയന്വേഷിച്ച് നടക്കുന്നതിനിടെ കള്ളനെന്ന് ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി സുഹൃത്തുക്കളോടൊപ്പം കുൽത്താലിയിലെ സങ്കീജഹാൻ എന്ന സ്ഥലത്തെത്തിയതായിരുന്നു യുവാവ്. സമീപത്തെ മാർക്കറ്റിലേക്ക് പോയ ഇയാൾ വഴിതെറ്റി മറ്റൊരു പ്രദേശത്തെത്തുകയായിരുന്നു. നാട്ടുകാർ സംശയത്തോടെ ചോദ്യം ചെയ്തപ്പോൾ, ഭാഷ അറിയാത്തതിനാൽ യുവാവിന് മറുപടി നൽകാൻ കഴിഞ്ഞില്ലെന്ന് പറയപ്പെടുന്നു.
തുടർന്ന്, തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ, ഒരു സംഘം യുവാവിനെ കള്ളനെന്ന് ആരോപിച്ച് മർദ്ദിച്ചു. കയറുപയോഗിച്ച് കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ കുൽത്താലി പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. യുവാവിനോടൊപ്പം എത്തിയ സഹപ്രവർത്തകരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.