വീടിനുള്ളില്‍ കഴുത്തില്‍ ചങ്ങലപ്പൂട്ടിട്ട് തൂണില്‍ കെട്ടിയിട്ടു, ഇരുമ്പുദണ്ഡ് ചൂടാക്കി അരയിലും തുടയിലും പൊള്ളലേ‍പ്പിച്ചു, ആവര്‍ത്തിച്ച് ആഞ്ഞാഞ്ഞ് മര്‍ദനം, ദേഹത്താസകലം മുറിവും ക്ഷതവുമേറ്റ പാടുകള്‍, അനുഭവിച്ച ക്രൂരത ഒന്നൊന്നായി യുവതി എണ്ണിപ്പറഞ്ഞപ്പോള്‍ നിമിഷനേരത്തേക്ക് സ്തബ്ധരായി പൊലീസും. മധ്യപ്രദേശിലെ രാജ്ഘര്‍ ജില്ലയിലാണ് ഈ സംഭവം. 

ഭര്‍ത്താവ് തൂണില്‍ കെട്ടിയിടാനുപയോഗിച്ച് തുരുമ്പിച്ച ചങ്ങലയുമായാണ് വെള്ളിയാഴ്ച രാത്രി മന്‍ഗിബായി തന്‍വാര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. യുവതിയെ കണ്ടതിനു പിന്നാലെ ഭര്‍ത്താവ് സര്‍ദാര്‍സിങ് തന്‍വാറിനെ പൊലീസ് അറസ്റ്റ് െചയ്തു.

ജൂണ്‍ 10നാണ് ഭര്‍ത്താവിന്റെ ക്രൂരത ആരംഭിച്ചതെന്ന് മന്‍ഗിബായി പറയുന്നു. മദ്യപിച്ച് വീട്ടിലെത്തിയ സര്‍ദാര്‍ ആഹാരം കഴിച്ച ശേഷം യുവതിയെ ഉപദ്രവിക്കാനാരംഭിച്ചു. മന്‍ഗിബായി പ്രതിരോധിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ പുറത്തിറങ്ങി മരച്ചില്ല വെട്ടി തല്ലാന്‍ തുടങ്ങി. വടി കൊണ്ടും അല്ലാതെയും ആവര്‍ത്തിച്ച് മര്‍ദിച്ചു. ചീത്തവിളിയും മര്‍ദനവും പിന്നാലെ. വേദന സഹിക്കാനാവാതെ വന്നതോടെ പൊലീസിനെ വിവരം അറിയിക്കാന്‍ മന്‍ഗിബായി തീരുമാനിച്ചു. വീട്ടില്‍ നിന്നും ഇറങ്ങിയോടിയെങ്കിലും കില്‍ച്ചിപ്പൂര്‍ സ്റ്റേഷനിലെത്തും മുന്‍പേ സര്‍ദാര്‍ വന്ന് പിടികൂടി. 

വീട്ടിലേയ്ക്ക് തിരിച്ചെത്തിച്ചതിനു പിന്നാലെ മര്‍ദനം കൂടുതല്‍ ക്രൂരമായി. തുരുമ്പ് പിടിച്ചൊരു ചങ്ങലയെടുത്ത് കഴുത്തില്‍ കെട്ടിയ ശേഷം തൂണിനോട് ചേര്‍ത്ത് പൂട്ടിയിട്ടു. പിന്നാലെ ഇരുമ്പുദണ്ഡ് ചൂടാക്കി ദേഹമാസകലം പൊള്ളിച്ചു. വലതുകാലിലും അരയിലും തുടയിലുമെല്ലാം ആവര്‍ത്തിച്ചു പൊള്ളിച്ചു. പൊലീസിന്റെ പരിഹാരമല്ല നാട്ടിലെ പഞ്ചായത്തിന്റെ പരിഹാരമാണ് വേണ്ടതെന്ന് സര്‍ദാര്‍ പറഞ്ഞതായി മന്‍ഗിബായി മൊഴി നല്‍കി. 

ഗ്രാമത്തിലെ പഞ്ചായത്തിനെ വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ ഭര്‍ത്താവിനോട് യുവതി സമ്മതം മൂളി, എങ്ങനെയെങ്കിലും അവിടെനിന്നും രക്ഷപ്പെടാനുള്ള സാഹചര്യത്തിനായി നോക്കിനില്‍ക്കുകയായിരുന്നു മന്‍ഗിബായി. ഇതിനിടെ പഞ്ചായത്ത് വിളിച്ചുകൂട്ടാന്‍ സര്‍ദാര്‍ പോയ സമയത്ത് ഒരു കല്ലെടുത്ത് പൂട്ടുപൊളിച്ച് യുവതി ഇറങ്ങിയോടി. 

ചങ്ങലയുമായി ആറ് കിലോമീറ്റര്‍ ആണ് മന്‍ഗിബായി ആ രാത്രി ഓടിയത്. കാലുകളില്‍ നിന്നെല്ലാം ചോരയൊലിക്കുന്ന അവസ്ഥയിലും പൊലീസ് സ്റ്റേഷനിലെത്തുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം.  ഒടുവില്‍ രാത്രി പത്തുമണിയോടെ കിച്ച്ലിപൂര്‍ സ്റ്റേഷനിലെത്തി യുവതി പൊലീസിനോട് വിവരങ്ങള്‍ പറഞ്ഞു. പിന്നാലെ പൊലീസ് പ്രതിയെ പിടികൂടി.  ചങ്ങല മുറിച്ചുമാറ്റിയ ശേഷം മന്‍ഗിബായിയെ പൊലീസ് ആശുപത്രിയിലെത്തിച്ചു. 

Woman Chained and Burned by Husband in Madhya Pradesh:

This article details a horrific domestic abuse case in Madhya Pradesh where a woman was chained to a pillar and burned with a heated iron rod by her husband. The victim managed to escape and report the incident to the police, leading to the husband's arrest.